കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പിടികൂടാനാവാതെ പോലീസ്. പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. സംഭവശേഷം രണ്ടു സംഘങ്ങളായാണ് പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നത്. അക്രമിച്ച ശേഷം പള്‍സര്‍ സുനിയും, വിജീഷും, മണികണ്ഠനും ഉള്‍പ്പെട്ട മൂന്നംഗ സംഘം ആലപ്പുഴയിലെത്തി സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പള്‍സര്‍ സുനിയിലേക്ക് എത്തുന്നതിനുള്ള സൂചനകള്‍ ഒന്നും ലഭിച്ചില്ല. സംഭവശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനങ്ങളെക്കുറിച്ചും പോലീസിന് വ്യക്തമായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നടി ആക്രമണത്തിനിരയാവുന്നത്.