കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈ മാസം 14ന് തുടങ്ങും. ദിലീപുള്‍പ്പെടെയുളള എല്ലാ പ്രതികളും അന്ന് ഹാജരാകണമെന്ന് കാണിച്ച് സമന്‍സ് അയച്ചു. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം നടി തന്നെ ഉന്നയിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസും ഹൈക്കോടതിയെ സമീപിക്കും. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി കോടതി തള്ളുകയും ചെയ്തിരുന്നു. ഇനിയുള്ള വിചാരണാ നടപടികള്‍ക്കായി കേസ് ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറി.

2017 ഫെബ്രുവരി 17-നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍സുനി ഉള്‍പ്പെടെയുള്ളവര്‍ നടിയെ ആക്രമിച്ച് അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ആദ്യ ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍, അന്വേഷണം അവസാനിച്ചെന്ന പ്രതീതിയുണ്ടാക്കി ഗൂഢാലോചനക്കാര്‍ക്കായി വലവിരിച്ചിരിക്കുകയായിരുന്നു പൊലീസ്. ഒടുവില്‍ ഓഗസ്റ്റ് 10ന് ദിലീപ് അറസ്റ്റിലായതോടെയാണ് നടിയെ ആക്രമിച്ച കേസിലെ ക്വട്ടഷനും അതിന് പിന്നിലുള്ള ഞെട്ടിക്കുന്ന കഥകളും പുറം ലോകമറിഞ്ഞത്. കേസിലെ എട്ടാം പ്രതിയാണ് ദീലീപ്.