കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വിവാദമായ സാഹചര്യത്തില്‍ നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പൊലീസ് മണിക്കൂറുകള്‍ നീണ്ട വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കി. അതേസമയം കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും അതേസമയം ദിലീപിന്റെ പരാതിയിലും അന്വേഷണം നടക്കുമെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നും അതിനു ശേഷമാവും ദിലീപിന്റെ പരാതിയില്‍ നടപടിയെടുക്കുകയെന്നും എസ്.പി എ.വി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.