കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ദിലീപ് മനപ്പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണക്ക് പ്രത്യേക കോടതി വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

നടി ഈ ആവശ്യമുന്നയിച്ച് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ഭരണപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പ് നടിയുടെ ആവശ്യം തള്ളിയത്. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിയില്ല. ഈ സാഹചര്യത്തില്‍ വിചാരണക്ക് വേണ്ടി പ്രത്യേകമായി വനിതാ ജഡ്ജിയെ നിയമിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിചാരണക്കോടതി പറഞ്ഞത്.

അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം.