തിരുവനന്തപുരം: തനിക്കെതിരെ കേസെടുക്കാനുള്ള വനിതാകമ്മീഷന്‍ നീക്കത്തെ പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പി.സി പരഹാസ രൂപേണ പ്രതികരിച്ചത്.

വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു പൂഞ്ഞാര്‍ എം.എല്‍.എയുടെ പ്രതികരണം. “നോട്ടിസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് സാധിക്കില്ല”, പി.സി പറഞ്ഞു.

അന്വേഷണത്തിലൊന്നും പേടിക്കുന്ന ആളല്ല താന്‍. വനിതാ കമ്മീഷന്‍ വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താനും ഒപ്പം കൂടാമെന്നും പി.സി പറഞ്ഞു.

ആദ്യം മട്ടന്നൂര് പട്ടികജാതിയില്‍പ്പെട്ട സ്ത്രീയെ മര്‍ദിച്ച മന്ത്രിയുടെ ഭര്‍ത്താവിനെതിരെ അവര്‍ കേസെടുക്കട്ടെ. അതുകഴിഞ്ഞ് കോട്ടയത്തെ ആസ്പത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കു മുന്നില്‍ പാന്റിന്റെ സിബ്ബൂരി അപമാനിച്ച മാനേജ്‌മെന്റിന്റെ പിണിയാള്‍ക്കെതിരെ കേസെടുക്കണം. അങ്ങനെ നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് ഇങ്ങോട്ട് വന്നാല്‍ താനും കൂടാമെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം. അല്ലാതെ തന്റെ മൂക്കു ചെത്താന്‍ ആരും ഇങ്ങോട്ടു പോരേണ്ടെന്നും പി.സി കൂട്ടിച്ചേര്‍ത്തു.