കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അരുണ്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി നടി ജ്യോതി കൃഷ്ണ. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഭര്‍ത്താവിനൊപ്പം ലൈവ് വീഡിയോ ചെയ്താണ് അവര്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചത്. വ്യാജ വാര്‍ത്തയ്‌ക്കെതിരെ ദുബായ് പൊലീസിലും കേരളത്തിലും പരാതിയ നല്‍കുമെന്ന് നടി വ്യക്തമാക്കി.

‘രാവിലെ മുതല്‍ ഫോണ്‍ വയ്ക്കാന്‍ സമയം കിട്ടിയിട്ടില്ല. രാവിലെ മുതല്‍ ഭയങ്കര ഫോണ്‍ വിളികളായിരുന്നു. ആദ്യം എന്റെ ഫ്രണ്ടാണ് ഒരു യൂട്യൂബ് ലിങ്ക് അയച്ചു തന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്തു മിനിറ്റ് മുമ്പു വരെ എന്റെയടുത്ത് കിടന്നയാള്‍ ആയിരുന്നല്ലോ, ഇത്ര പെട്ടെന്ന് പൊലീസ് അറസ്റ്റു ചെയ്‌തോ എന്നു വിചാരിച്ചു. അങ്ങനെ ലിവിങ് റൂമില്‍ ചെന്നു നോക്കിയപ്പോള്‍ അവിടെയുണ്ട്’ – അവര്‍ പറഞ്ഞു.

‘എന്റെ ചേട്ടാ കുറച്ചൊക്കെ, ഒന്നന്വേഷിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടേ? ഇന്ന് രാവിലെ മുതല്‍ കേട്ടു കൊണ്ടിരിക്കുന്ന കാര്യമാണ് നടി ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ്, നടി രാധികയുടെ സഹോദരന്‍ പൊലീസ് അറസ്റ്റു ചെയ്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സെപ്തംബര്‍ എട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്’. – അവര്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോക്കിടെ അവര്‍ ഭര്‍ത്താവിനെ ലൈവിലേക്ക് ക്ഷണിക്കുകയും ചെയ്തു.

https://www.instagram.com/p/CE7BY5LplBe/?utm_source=ig_web_copy_link

‘ ഞങ്ങള്‍ വളരെ സന്തോഷമായി ദുബായിലുണ്ട്. ഈ പറയുന്ന കേസുമായി എനിക്കോ ഭര്‍ത്താവിനോ യാതൊരു ബന്ധവുമില്ല. ദുബായ് പൊലീസിലും നാട്ടിലെ പൊലീസ് സ്റ്റേഷനിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്’- നടി വ്യക്തമാക്കി.

ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ എന്ന ക്യാപ്ഷനോടെയാണ് നടി ലൈവ് വീഡിയോ പങ്കുവച്ചത്.