നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്തായ മൊഴിയില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജുവാര്യറുടെ മൊഴിയും. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് നടന്‍ സിദ്ധീഖും കാവ്യയും ദിലീപും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് മഞ്ജു വാര്യറും മൊഴി നല്‍കിയിട്ടുണ്ട്. മഞ്ജുവാര്യറുടെ തിരിച്ചുവരവിലെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പിന്മാറണമെന്ന് ദിലീപ് പറയാതെ പറഞ്ഞുവെന്ന് കുഞ്ചാക്കോ ബോബന്റെ മൊഴിയില്‍ പറയുന്നു. ആവശ്യപ്പെട്ടാല്‍ മാറാം എന്ന് പറഞ്ഞുവൈങ്കിലും ദിലീപ് നേരിട്ട് ആവശ്യപ്പെട്ടില്ല. കസിന്‍സ് എന്ന സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മഞ്ജുവാര്യറുടെ മൊഴിയുടെ പൂര്‍ണ്ണരൂപം:

ഞാന്‍ 21-06-2017 തിയ്യതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാന്‍ സിനിമാമേഖലയില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയായിരുന്നു. ആരുമായും ഞാന്‍ ആശയവിനിമയം നടത്തിയിരുന്നില്ല. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരില്‍ കണ്ടു, അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താവര്‍മ്മ,ഗീതുമോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി ഷെയര്‍ ചെയ്തു. അതിനെ തുടര്‍ന്ന് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് ആക്രമിക്കപ്പെട്ട നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യമാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസ്സിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള് ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ആക്രമിക്കപ്പെട്ട നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതുമോഹന്‍ദാസും കൂടി വീട്ടില്‍ പോയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍വെച്ച് അവളുടെ അച്ഛന്‍ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുകൊടുക്കൂ എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമിടോമിക്കും അറിയാമെന്ന് ആക്രമിക്കപ്പെട്ട നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.