തിരുവനന്തപുരം: കസബ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ കുടുങ്ങും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. കൊച്ചി സൈബര്‍സെല്ലിനാണ് അന്വേഷണ ചുമതല. സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണവും ഭീഷണിയും നടത്തിയവരുടെ പേരുവിവരങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

കസബ സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ഫോറത്തില്‍ പാര്‍വ്വതി വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നായിരുന്നു താരത്തിനുനേരെ സൈബര്‍ ആക്രമണം ഉണ്ടാവുന്നത്. മമ്മുട്ടി ആരാധകരുള്‍പ്പെടെയുള്ളവരാണ് സൈബര്‍ ആക്രമണം നടത്തിയത്. രണ്ടാഴ്ച്ചയായിട്ടും ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പാര്‍വ്വതി പരാതി നല്‍കിയത്.