ബാംഗളൂരു: നടന്‍ വിജയ് ദേവരക്കൊണ്ടയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളോട് പ്രതികരിച്ച് രശ്മിക മന്ദാന. കന്നഡ, തെലുങ്ക് ചലച്ചിത്ര മേഖലയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രശ്മിക മന്ദാന. കിരിക് പാര്‍ട്ടി, യജമാന, ഗീത ഗോവിന്ദം, ഡിയര്‍ കോംറേഡ്, മഹേഷ് ബാബുവിനൊപ്പം അടുത്തിടെ പുറത്തിറങ്ങിയ സരിലേരു നീകേവരു തുടങ്ങിയ ഹിറ്റുകളില്‍ രശ്മിക അഭിനയിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന കൂട്ട് കെട്ട് സിനിമ ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്. അതിനിടയിലാണ് ഇരുവരും പ്രണയത്തിലാണെന്നും ഗോസിപ്പുകള്‍ പരക്കുന്നത്.

നടന്‍ രക്ഷിത് ഷെട്ടിയുമായി നേരത്തെ രശ്മികയുടെ വിവാഹനിശ്ചയം നടത്തിയിരുന്നുവെങ്കിലും പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷം നിരവധി താരങ്ങളുടെ പേരുകള്‍ക്കൊപ്പം രശ്മികയുടെ പേര് കൂട്ടിക്കെട്ടി ഗോസിപ്പുകള്‍ പുറത്തിറക്കിയിരുന്നു. വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണ് എന്നതാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വാര്‍ത്ത. എന്നാല്‍ ഇതിനോട് പ്രതികരിക്കുകയാണ് രശ്മിക മന്ദാന. താനിപ്പോള്‍ സിങ്കിളാണെന്നായിരുന്നു രശ്മികയുടെ പ്രതികരണം.

‘എനിക്ക് പരിചയമുള്ള ഏവരുമായും എന്റെ പേര് ചേര്‍ത്തു വയ്ക്കുന്നവരുടെ അറിവിലേക്കാണിത്. ഞാന്‍ സിങ്കിളാണ്. അത് ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സിങ്കിളായിരിക്കുന്ന എല്ലാവരോടുമായി ഞാന്‍ പറയട്ടെ, അങ്ങനെ സിങ്കിളായിരിക്കുന്നതില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുമ്പോള്‍ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ ഉയരത്തിലാകും,’ എന്നായിരുന്നു രശ്മികയുടെ മറുപടി.