കൊട്ടിയം; കൊല്ലത്ത് ആത്മഹത്യ ചെയ്ത റംസിയുടെ ശബ്ദരേഖ പുറത്ത്. വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ ഹാരിസ് പിന്‍മാറിയതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്യുന്നത്. പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹനിശ്ചയം വരെയെത്തിയ ബന്ധത്തില്‍നിന്നു ഹാരിസ് പിന്മാറിയതില്‍ മനംനൊന്താണ് റംസി ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതിനിടെ, ഹാരിസന്റെ ഉമ്മയുമായി റംസി സംസാരിച്ച ശബ്ദരേഖ പുറത്തുവന്നു.

ഇനിമുതല്‍ നിങ്ങളുടെ മകനെ ഞാന്‍ ശല്യപ്പെടുത്താന്‍ വരില്ലെന്നും ഞാന്‍ പോവുകയാണെന്നും റംസി പറയുന്നുണ്ട്. എന്നാല്‍ വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാനാണ് ഉമ്മയുടെ നിര്‍ദ്ദേശം. എന്നാല്‍ തനിക്കതിന് കഴിയില്ലെന്നും പോവുകയാണെന്നും റംസി ആവര്‍ത്തിക്കുമ്പോള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പറയുന്ന ഹാരിസിന്റെ ഉമ്മയുടെ മറുപടിയും കേള്‍ക്കാം. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഇത് പ്രചരിക്കുകയും ചെയ്തു.

ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം വിവാഹത്തില്‍നിന്ന് കടന്നു കളഞ്ഞത് വല്ലാത്ത മുറിവായി മാറുകയായിരുന്നു റംസിക്ക്. വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം തന്നെ ഒഴിവാക്കുകയാണെന്ന് റംസിക്ക് മനസിലായിരുന്നു. പലപ്പോഴും ഹാരിസിനോട് ഇതേ പറ്റി സംസാരിച്ചിരുന്നപ്പോള്‍ വളരെ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരിക്കുന്നതിനു മുമ്പും റംസി ഹാരിസിനോടും ഹാരിസിന്റെ ഉമ്മയോടും ഫോണില്‍ സംസാരിച്ചിരുന്നു. നിന്നെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും പോയി മരിക്കുവെന്നായിരുന്നു മറുപടിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

എറണാകുളത്തേക്കാണ് ഗര്‍ഭച്ഛിദ്രത്തിനായി റംസിയെ കൊണ്ടു പോയത്. പ്രമുഖ സീരിയില്‍ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയാണ് റംസിക്കൊപ്പം പോയത്. ഗര്‍ഭച്ഛിദ്രം നടത്താനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖ ഇയാള്‍ ചമച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ആത്മഹത്യ പ്രേരണ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ഹാരിസിനു മേല്‍ ചുമത്തിയിരിക്കുന്നതെന്നും പത്തു വര്‍ഷത്തോളം പ്രണയിക്കുകയും വിവാഹം ഉറപ്പിച്ചതിനു ശേഷം ബന്ധത്തില്‍ നിന്ന് പിന്‍മാറിയത് പെണ്‍കുട്ടിയെ വിഷമിപ്പിച്ചിരുന്നതായും കൊട്ടിയം എസ്‌ഐ അമല്‍ പ്രതികരിച്ചു. മൂന്ന് മാസത്തോളം ഗര്‍ഭിണിയായിരിക്കേ നാളുകള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചിരുന്നു. മറ്റൊരു വിവാഹ ബന്ധത്തിനു വേണ്ടിയാണ് റംസിയെ ഒഴിവാക്കിയതെന്നും സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും കൊട്ടിയം എസ്‌ഐ പറഞ്ഞു.