ട്രെയിനില്‍ അപമാനിക്കപ്പെട്ട യുവനടി സനുഷ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ആക്രമിക്കാനൊരുങ്ങിയ സമയത്ത് നടി പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ബെഹ്‌റ പ്രത്യേകം അഭിനന്ദനം അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നടിക്ക് സ്വീകരണം നല്‍കുമ്പോഴാണ് ഡിജിപി നടിയെ അഭിനന്ദിച്ചത്. ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

അതേസമയം, നടിയെ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ വാദം കേട്ട് പൊലീസ് ഞെട്ടി. ബ്‌ളഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടി കിടന്നുറങ്ങുമ്പോഴാണ് ആക്രമിക്കാന്‍ ശ്രമമുണ്ടായത്. സനുഷ പ്രതികരിച്ചതിനെ തുടര്‍ന്ന് തിരക്കഥാകൃത്ത് ഉണ്ണി ആറും മറ്റൊരാളും ചേര്‍ന്ന് സനുഷയെ രക്ഷിക്കുകയായിരുന്നു . എന്നാല്‍ യാത്രക്കാരായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചില്ലെന്ന് സനുഷ പറഞ്ഞു. വടക്കാഞ്ചേരിയില്‍ വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതി ആന്റോ ബോസിനെ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയ്യാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സനുഷയുടെ പരാതിയിന്മേല്‍ തൃശൂര്‍ റെയില്‍വേ പൊലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്.