കൊച്ചി: കാന്‍സര്‍ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന നടി ശരണ്യ നടന്നുതുടങ്ങിയതായി വെളിപ്പെടുത്തി നടിയുടെ അമ്മ. ഇത് വ്യക്തമാക്കുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിയോതെറാപ്പി ചെയ്തുവരികയാണ് ശരണ്യ. ആറുവര്‍ഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്. പിന്നീട് തുടര്‍ശസ്ത്രക്രിയകള്‍ നടത്തിയതിനാല്‍ താരം ഒരുഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു.

മാസങ്ങളായി കിടപ്പിലായിരുന്ന ശരണ്യ ഇപ്പോള്‍ തനിയെ നടക്കാന്‍ തുടങ്ങി. നിറചിരിയോടെയാണ് ശരണ്യയെ വിഡിയോയില്‍ കാണാന്‍ കഴിയുക. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. തുടര്‍ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടിയുടെ അവസ്ഥ അറിഞ്ഞ് പലരും സഹായിച്ചെന്ന് അമ്മ ഗീത പറയുന്നു. സിനിമടീവി രംഗത്തെ പലരും സഹായം നല്‍കിയെന്നും നടി സീമ ജി നായരാണ് ആദ്യഘട്ടം മുതല്‍ ഒപ്പമുള്ളതെന്നും അമ്മ പറഞ്ഞു.

‘ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ ട്രോളിയില്‍ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും സഹായത്തിനും ഗീത നന്ദി പറയുന്നു.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവ പ്രധാനചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.