കൊച്ചി: ഡിജിറ്റല്‍ റിലീസിനൊരുങ്ങി ഹലാല്‍ ലവ് സ്റ്റോറിയും. ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ സക്കറിയ സംവിധാനം ചെയ്യുന്ന ‘ഹലാല്‍ ലൗ സ്റ്റോറി’യാണ് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഒക്ടോബര്‍ 15നാണ് റിലീസ്.

പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദീന്‍, ഗ്രേസ് ആന്റണി, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മുഹ്‌സിന്‍ പരാരി, സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

മലയാള സിനിമയില്‍ ഇതിനോടകം നാലു താര ചിത്രങ്ങള്‍ ഡിജിറ്റല്‍/ ടെലിവിഷന്‍ റിലീസിനെത്തിക്കഴിഞ്ഞു. ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയുമായിരുന്നു’ തുടക്കം. അതിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവായ ‘മണിയറയിലെ അശോകന്‍’, ഫഹദ് ഫാസിലിന്റെ ‘സീ യു സൂണ്‍’ തുടങ്ങിയ ചിത്രങ്ങളാണ് ആമസോണ്‍ പ്രൈമിലും നെറ്ഫ്‌ലിക്‌സിലുമായി പ്രദര്‍ശനത്തിനെത്തിയത്. കൂട്ടത്തില്‍ ടൊവിനോ തോമസ് നായകനും നിര്‍മ്മാതാവുമായ ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ടി.വി.യില്‍ റിലീസ് ചെയ്ത ചിത്രമാണ്. ഓണം റിലീസായാണ് ചിത്രം ഏഷ്യാനെറ്റില്‍ പ്രദര്‍ശനത്തിനെത്തിയത്.

അതേസമയം, അണ്‍ലോക്ക് അഞ്ചാം ഘട്ടത്തില്‍ ഒക്ടോബര്‍ 15 മുതല്‍ സിനിമാ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയായിട്ടുണ്ട്.