മുംബൈ: നിറത്തിന്റെ പേരില്‍ വര്‍ഷങ്ങളായി അധിക്ഷേപങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് എന്നും അവരോട് സഹതാപമേ ഉള്ളൂവെന്നും നടന്‍ ഷാറൂഖ് ഖാന്റെ മകള്‍ സുഹാന. കറുത്തിട്ടാണ്, പുരുഷനെപ്പോലിരിക്കുന്നു, നിറം മാറ്റണം തുടങ്ങി നിരവധി അധിക്ഷേപങ്ങള്‍ വന്നിട്ടുണ്ടെന്ന് സുഹാന വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലാണ് അവരുടെ പ്രതികരണം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും അവര്‍ പങ്കുവച്ചു.

‘പന്ത്രണ്ടാം വയസ്സുമുതല്‍ നിറത്തിന്റെ പേരില്‍ തന്നെ വിരൂപയെന്ന വിളികേട്ടയാളാണ് ഞാന്‍. ഈ പ്രായപൂര്‍ത്തിയായവരൊക്കെ നമ്മള്‍ എല്ലാം ഇന്ത്യക്കാരാണ്, അതിനാല്‍ ബ്രൗണ്‍ നിറത്തിലുള്ളവരാണെന്ന സത്യം മനസ്സിലാക്കണം. . വ്യത്യസ്തമായ പല വര്‍ണ്ണവ്യത്യാസങ്ങളുണ്ടെങ്കിും എത്രയൊക്കെ ശ്രമിച്ചാലും നിറത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവില്ലലോ, നിങ്ങളുടെ ആളുകളെത്തന്നെ വെറുക്കുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ക്കുള്ളിലെ അരക്ഷിതാവസ്ഥയല്ലേ’ – അവര്‍ ചോദിച്ചു.

‘അഞ്ചടി പൊക്കവും വെളുത്ത നിറവുമില്ലെങ്കില്‍ സുന്ദരിയല്ല എന്ന് നമ്മുടെ വിവാഹ വീടുകളില്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ബ്രൗണ്‍ നിറമുള്ളയാളാണ്, അതില്‍ സന്തോഷവതിയുമാണ്. നിങ്ങളും അങ്ങനെയാകൂ’ – അവര്‍ കുറിച്ചു.