മുംബൈ: ഛത്തീസ്ഗഡിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി രണ്ടായിരം പിപിഇ കിറ്റുകള്‍ സംഭാവന ചെയ്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. എന്‍ജിഒ ആയ മീര്‍ ഫൗണ്ടേഷന്‍ വഴിയാണ് താരം വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ എത്തിച്ചത്. ആസിഡ് ഇരകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മീര്‍ ഫൗണ്ടേഷന്‍.

ഛത്തീസ്ഗഡ് മന്ത്രി ടിഎസ് സിങ് ദേവ് ഇതേക്കുറിച്ച് ട്വീറ്റിട്ടപ്പോഴാണ് താരത്തിന്റെ സംഭാവന പുറംലോകമറിഞ്ഞത്. ‘ മീര്‍ ഫൗണ്ടേഷന്‍ വഴി പിപിഇ കിറ്റുകള്‍ നല്‍കിയ ഷാരൂഖ് ഖാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇതിനായി അദ്ദേഹത്തെ ബന്ധിപ്പിച്ച രാജശ്രീക്കും നന്ദി. നമ്മുടെ ആരോഗ്യമേഖലകളിലെ നിരവധി ഹീറോകളെ സംരക്ഷിക്കാന്‍ നിങ്ങളുടെ പ്രവൃത്തി കൊണ്ടാകും’ – മന്ത്രി കുറിച്ചു.

മന്ത്രിക്ക് മറുപടിയുമായി ഷാറൂഖും രംഗത്തെത്തി. ‘സര്‍, ഈ കഠിനവേളയില്‍ ഞങ്ങളുടെ ശേഷിക്കനുസരിച്ച് എല്ലാവരും നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാന്‍ ആവതു ചെയ്യുന്നുണ്ട്. നന്മ നേരുന്നു’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ആദ്യമായല്ല ഷാരൂഖ് പങ്കാളിയാകുന്നത്. നേരത്തെ പിഎം കെയേഴ്‌സ് ഫണ്ട്, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധി എന്നിവിടങ്ങളിലേക്ക് എല്ലാം താരം സഹായം നല്‍കിയിരുന്നു. മുംബൈയില്‍ താരത്തിന്റെ സ്വകാര്യ ഓഫീസ് ക്വാറന്റൈന്‍ സൗകര്യമുള്ള സ്ഥലമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.