തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ ചടങ്ങുകള്‍ക്ക് പാലിക്കേണ്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഇതു പ്രകാരം കോവിഡ് കാരണം മരിച്ച ആളെ ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കി. മൃതദേഹങ്ങളില്‍ നിന്ന് കോവിഡ് ബാധ പടരാന്‍ സാധ്യതയുള്ളതിനാല്‍ നിശ്ചിത അകലം പാലിച്ചു വേണം കാണാന്‍.  കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മതപരമായ ആചാരങ്ങള്‍ പ്രകാരം ചടങ്ങുകള്‍ നടത്താനും അനുമതിയുണ്ട്.

അതേസമയം മൃതദേഹത്തെ കുളിപ്പിക്കുന്നതിന് അനുവാദമില്ല. ചുംബിക്കുന്നതിനും വിലക്കേര്‍പെടുത്തി. സംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

മൃതദേഹങ്ങളില്‍ ഒരു കാരണവശാലും ചുംബിക്കാനോ സ്പര്‍ശിക്കാനോ പാടില്ല. 60 വയസിനു മുകളിലുള്ളവര്‍ക്കും പത്തു വയസിനു താഴെയുള്ള കുട്ടികള്‍ക്കും ഈ അനുവാദങ്ങള്‍ ബാധകമല്ല. അവരെ മൃതദേഹം കാണാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. മൃതദേഹത്തില്‍ നിന്ന് അണുബാധ പകരാതിരിക്കാന്‍ വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കണമെന്നും നിര്‍ദേശമുണ്ട്. പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാരാണ് മൃതദേഹം സംരക്ഷിച്ചു നിര്‍ത്തേണ്ടത്.

നേരത്തെ പല സമുദായ നേതൃതവും ഈ ആവശ്യവുമായി മുന്നോട്ടു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ഇളവു നല്‍കിയത്.