കൊച്ചി: ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണെന്ന് നടി ഭാമ. നടി ആക്രമിക്കപ്പെട്ട കേസിലെ കൂറുമാറ്റത്തിനുശേഷം ഭാമ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലായിരുന്നു. താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി താരങ്ങള്‍ ആണ് രംഗത്ത് വന്നത്. എന്നാല്‍ ആഴ്ച്ചകള്‍ക്കു ശേഷമാണ് മറ്റൊരു പ്രതികരണം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടിമാരായ രേവതിയും റിമ കല്ലിങ്കലും, രമ്യ നമ്പീശനും സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും എല്ലാം പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പ്രതിഷേധം കടുത്തെങ്കിലും ഭാമ പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഭാമയുടെ പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ്, സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

കണ്ണാടിയില്‍ കാണുന്ന സ്വന്തം റിഫ്‌ലെക്ടഡ് ഇമേജാണ് ഭാമ ഇപ്പോള്‍ പ്രൊഫൈല്‍ ഫോട്ടോ ആയി സെറ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ മോട്ടിവേഷണല്‍ പോസ്റ്റുകളും ഭാമ പങ്കിട്ടു. ‘യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്’, എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഭാമ കുറിച്ചത്. എന്തായാലും ഭാമയുടെ വാക്കുകളുടെ അര്‍ത്ഥം ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.