ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. യാത്രക്കാരുടെ വിലക്കു പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ കൂടി നല്‍കണമെന്നാണ് പുതിയ നിബന്ധന. പുതിയ പരിഷ്‌കാരങ്ങള്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് കരട് രൂപം അടുത്ത ആഴ്ച പുറത്തിറക്കും. പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് 30 ദിവസം വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനാകും. എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ശിവസേന എംപിയെ വിമാനകമ്പനികള്‍ വിലക്കിയതിനു പിന്നാലെയാണ് വിലക്കു പട്ടിക എന്ന ആശയവുമായി വ്യോമയാന മന്ത്രാലയം രംഗത്തു വന്നത്. കുറ്റങ്ങളുടെ തീവ്രതയനുസരിച്ച് വിലക്കു പട്ടികയിലുള്ള യാത്രികരെ നാലായി തിരിക്കും. വിലക്കിന്റെ കാലാവധി ഉള്‍പ്പെടെ കാര്യങ്ങള്‍ ആധാര്‍ ഉള്‍പ്പെടെ രേഖകള്‍ പ്രകാരമായിരിക്കും തീരുമാനിക്കുക.