ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയതില്‍ പ്രതിഷേധിച്ച് സൈറസ് മിസ്ത്രി അയച്ച ഇ-മെയില്‍ സന്ദേശം കമ്പനിക്ക് തലവേദനയാകുന്നു. അദ്ദേഹത്തെ പുറത്താക്കിയതോടെ കനത്ത തിരിച്ചടിയാണ് ടാറ്റക്കു നേരിടേണ്ടി വരുന്നത്. മിസ്ത്രി കമ്പനിയില്‍ നിന്ന് ഇറങ്ങിയതോടെ ടാറ്റാ ഗ്രൂപ്പിന്റെ ഓഹരി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പിന്നാലെ മിസ്ത്രിയുടെ കത്തില്‍ ടാറ്റാ ഗ്രൂപ്പ് 1.18 ലക്ഷം കോടി രൂപ എഴുതിതള്ളേണ്ടി വരുമെന്ന പരാമര്‍ശം വിവാദമായിരിക്കുകയാണ്.

cyrus-mistry_042313023236

കോടികള്‍ എഴുതി തള്ളണമെന്ന മിസ്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വിശദീകരണം തേടി. ഇതേത്തുടര്‍ന്ന് കമ്പനി ലാഭത്തിലാണെന്ന് ചൂണ്ടിക്കാട്ടി ടാറ്റാ സ്റ്റീല്‍, ടാറ്റാ ടെലിസര്‍വീസസും എക്‌സ്‌ചേഞ്ചുകള്‍ക്കു മറുപടി നല്‍കി. കമ്പോള നിയന്ത്രണാധികാരമുള്ള സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ ടെലി സര്‍വീസസ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റാ പവര്‍ എന്നിവ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുതായി മിസ്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കമ്പനികളോടാണ് എക്‌സ്‌ചേഞ്ചുകള്‍ വിശദീകരണം ആവശ്യപ്പെട്ടത്. ലാഭനഷ്ടങ്ങളെക്കുറിച്ച് അറിയിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥമാണെന്ന് എക്‌സ്‌ചേഞ്ച് അറിയിച്ചു.

ratan-tata_416x416

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ ടാറ്റാഗ്രൂപ്പില്‍ സംഭവിച്ച ചില മാറ്റങ്ങള്‍:

1. നീണ്ട ഇടവേളക്കു ശേഷം രത്തന്‍ ടാറ്റ വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ അഞ്ചംഗ സമിതിക്കു രൂപം നല്‍കി.

2. മിസ്ത്രിയുടെ കത്തില്‍ ‘വിശ്വാസ്യതയുടെ മുഖമുദ്ര’യെന്ന് വിശേഷിപ്പിച്ച ടാറ്റാസ്റ്റീല്‍, സറ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് വിശദീകരണം നല്‍കി. കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും ലാഭത്തിലാണെന്നുമായിരുന്നു ടാറ്റാസ്റ്റീലിന്റെ മറുപടി. ടാറ്റാ ടെലിസര്‍വീസസും ഇന്ത്യന്‍ ഹോട്ടലുകളും സമാനരീതിയില്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് മറുപടി നല്‍കി.

3. മിസ്ത്രിയുടെ നിയമനടപടി ഭയന്ന് രത്തന്‍ ടാറ്റയുടെ തടസഹര്‍ജി സുപ്രീംകോടതിയില്‍. മിസ്ത്രിയോ അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പല്ലോന്‍ജി ഗ്രൂപ്പോ കോടതിയെ സമീപിച്ചാല്‍, ഏകപക്ഷീയമായ വിധി ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ബോംബെ ഹൈക്കോടതി, ഡല്‍ഹി ഹൈക്കോടതി, ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ എന്നിവിടങ്ങളിലാണ് ഹര്‍ജി നല്‍കിയത്.

4. പുറത്താക്കല്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് അംഗങ്ങള്‍ക്ക് മിസ്ത്രിയുടെ കത്ത്. അതേസമയം പുറത്താക്കലിനെതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കില്ലെന്ന് മിസ്ത്രിയുടെ ഓഫീസ്.

5. മിസ്ത്രിയുടെ പുറത്താക്കലിനു പിന്നാലെ മൂന്നാം ദിവസവും ടാറ്റാ ഗ്രൂപ്പിന്റെ ഓഹരികള്‍ നഷ്ടത്തില്‍ കൂപ്പുകുത്തി. ടാറ്റാ ടെലിസര്‍വീസസിന്റെയും ഇന്ത്യന്‍ ഹോട്ടലുകളുടെയും ഓഹരികള്‍ യഥാക്രമം പത്തും നാലും ശതമാനമായി കൂപ്പുക്കുത്തി. അതേസമയം ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ് എന്നിവക്കു 0.4-2 ശതമാനം നഷ്ടം നേരിട്ടു.
6. ടാറ്റാ ഗ്രൂപ്പ് 1.18 ലക്ഷം കോടി രൂപ എഴുതി തള്ളേണ്ടി വരുമെന്ന മിസ്ത്രിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. ടാറ്റയുടെ അഞ്ചു കമ്പനികള്‍ പ്രതിസന്ധിയിലെന്നും വെളിപ്പെടുത്തല്‍. കമ്പനികളില്‍ കോര്‍പ്പറേറ്റ് ദുര്‍ഭരണമെന്നും വന്‍ സാമ്പത്തിക ക്രമക്കേടെന്നും ആരോപണം.
7. മിസ്ത്രിയുടെ കത്തിനെതിരെ ടാറ്റാ സണ്‍സ് രംഗത്ത്. മിസ്ത്രിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതവും പകപോക്കലിന്റെ ഭാഗവുമാണെന്ന് ടാറ്റാസണ്‍സ് പ്രതികരണം.

8. സംഭവത്തില്‍ ടാറ്റയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിന്‍ഹിയുടെ പ്രതികരണം. കമ്പനികള്‍ക്കെതിരായ ആരോപണം അടിസ്ഥാനവിരുദ്ധമെന്നും മിസ്ത്രിയുടെ പുറത്താക്കല്‍ സാമ്പത്തികം, പെരുമാറ്റദൂശ്യം തുടങ്ങിയ കാരണങ്ങളാല്ലെന്ന് വെളിപ്പെടുത്തല്‍. രത്തന്‍ ടാറ്റ ഉള്‍പ്പെടെ എല്ലാ ബോര്‍ഡ് അംഗങ്ങള്‍ക്കും മിസ്ത്രിയിലുള്ള വിശ്വാസ്യത നഷ്ടമായിരുന്നുവെന്നും മനു സിന്‍ഹി പറഞ്ഞു.

9. മിസ്ത്രിക്കെതിരെ ട്രസ്റ്റികളിലൊരാളായ വി.എല്‍ മേത്ത രംഗത്തുവരുന്നു. മിസ്ത്രി ടാറ്റയുടെ ധാര്‍മികത ലംഘിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടാറ്റയുടെ മുഴുവന്‍ കമ്പനികളും ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ജെഎല്‍ആര്‍ (ജാഗ്വര്‍ ലാന്‍ഡ് റോവര്‍) എന്നിവയെ ആശ്രയിച്ചായിരുന്നു മുന്നോട്ടുപോയിരുന്നത്. ടാറ്റയുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ മിസ്ത്രി തടഞ്ഞുവെന്നും മേത്തയുടെ ആരോപണം.

10. ടാറ്റയുടെ ടെലികോം പങ്കാളി ഡോകോമോയുമായി മിസ്ത്രിയുടെ നിയമനടപടി ട്രസ്റ്റികള്‍ക്കിടയില്‍ അതൃപ്തിക്കു കാരണമായി. പിഴ അടക്കലിലൂടെ കമ്പനിക്ക് 1.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്.