പ്രധാനമന്ത്രി നരേന്ത്രമോദിയുടെ 500, 1000 നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടില്‍ രാജ്യത്ത് മരണ റിപ്പോര്‍ട്ടുകള്‍ കൂടുന്നു. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ കര്‍ഷകന്‍ 45 കാരനായ രവി പ്രധാന ആത്മഹത്യ ചെയ്തതാണ് പുതിയ വിവരം. രണ്ടു ദിവസത്തോളം ബാങ്കിനു മുന്നില്‍ ക്യൂ നിന്നിട്ടും പണം മാറിക്കിട്ടാന്‍ സാധിക്കാത്തതാണ് ആത്മഹത്യക്ക് കാരണം.

നവംബര്‍ 12ന് രാത്രി മഹാരാജാപൂര്‍ ഗ്രാമത്തിലെ സരിയ ഡെവലപ്പ്‌മെന്റ് ബ്ലോക്കിനു കീഴിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പ്രധാന്റെ മൃതദേഹം കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സാരംഗ്രഹ് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ജുനസ് ബാഡ പറഞ്ഞു.

തമിഴ്‌നാട്ടില്‍ കഴിയുന്ന രവി പ്രധാന്റെ മക്കളായ സുനിലിനും(22) അനിലിനും(20) പണം അയച്ചുകൊടുക്കേണ്ടതിനാല്‍ പഴയ നോട്ടുകള്‍ മാറാനായിനാണ് അദ്ദേഹം ബാങ്കിലേക്ക് പോയതെന്ന് രവിയുടെ ഭാര്യ പറയുന്നു. മക്കള്‍ അവിടെ തുണിമില്ലില്‍ ജോലി ചെയ്യുകയാണ്. കരാറുകാരന്‍ കൂലി കിട്ടാതെ വന്നതിനാല്‍ പണത്തിന് വളരെ അത്യാവശ്യമുണ്ടന്ന് അറിയിച്ച് നവംബര്‍ 10ന് രാത്രി അവര്‍ അച്ഛനെ വിളിച്ചിരുന്നെന്നും ഭാര്യ അറിയിച്ചു.

ഇതോടെ കയ്യിലുണ്ടായിരുന്ന പഴയ കറന്‍സി നോട്ടുകളുമായി പ്രധാന്‍ ബാങ്കിലേക്കു പോയി. എന്നാല്‍ കയ്യിലുളള 3000രൂപ മാറാനായി തുടര്‍ച്ചയായി രണ്ടുദിവസം മണിക്കൂറുകളോളം ക്യൂ നിന്നിട്ടും അദ്ദേഹം കൗണ്ടറിലെത്തും മുമ്പ് ബാങ്ക് അടച്ചുപോയെന്നും ഭാര്യ പറഞ്ഞു.

വീട്ടിലേക്കു തിരിച്ചുവരാന്‍ അവര്‍ ആഗ്രഹിച്ചിരുന്നെന്നും. അതിനാല്‍തന്നെ പണം ലഭിക്കാത്തതെതില്‍ മാനസികമായി അദ്ദേഹം തകര്‍ന്നിരുന്നെന്നും ഭാര്യ പറയുന്നു.