ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന് 190 എം.എല്‍.എമാരുടെ പിന്തുണ. അഖിലേഷ് ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പിന്തുണയുമായി എം.എല്‍.മാരെത്തിയത്. യുപിയില്‍ എസ്പിക്ക് 229 എം.എല്‍.എമാരാണുള്ളത്. യോഗ ശേഷം അദ്ദേഹം മുലായമിനെ സന്ദര്‍ശിച്ചു. അസം ഖാന്‍, അബു അസ്മി എന്നിവരോടൊപ്പമാണ് അഖിലേഷ് മുലായമിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. മുലായമിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി അഖിലേഷ് യാദവ് വ്യക്തമാക്കി.

പാര്‍ട്ടി അദ്ദേഹത്തില്‍ തന്നെ നിലനില്‍ക്കും എന്നാല്‍ തന്റെ അധ്വാനം വെറുതെയാവില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം കൂടിക്കാഴ്ചയിലൂടെ മഞ്ഞുരുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. തന്റെ ശക്തിതെളിയിക്കുന്ന പ്രകടനവും പൊതുസമ്മേളനും അഖിലേഷ് ഉടന്‍ തന്നെ വിളിച്ചുകൂട്ടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഖിലേഷിന് പിന്തുണയുമായി നിരവധി പേര്‍ മുഖ്യമന്ത്രിയുെട വസതിക്ക് മുന്നില്‍ തടിച്ചുകൂടി.

അതേസമയം അഖിലേഷ് യാദവിന്റെയും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ശിവപാല്‍ യാദവിന്റെയും അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെയാണ് അഖിലേഷിനെയും രാംഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് മുലായമിന്റെ നടപടി. അതേസമയം അഖിലേഷിനെ പിന്തുണച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് എത്തി.