ആലപ്പുഴ: വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപതകമെന്ന് പൊലീസ്. കറ്റാനം കണ്ണനാകുഴിയിലാണ് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീട്ടമ്മയുടെ മകന്റെ സുഹൃത്തുമായ ജെറിന്‍ രാജുവിനെയാണ് പൊലീസ് പിടികൂടിയത്.

സുധാകരന്‍ എന്നയാളുടെ ഭാര്യ തുളസി(52)യാണ് ഇന്നലെ മരിച്ചത്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം ജനാലയില്‍ കെട്ടിത്തൂക്കി. പിന്നീട് തെളിവ് നശിപ്പിക്കാന്‍ വീടിന് ചുറ്റും മുളകുപൊടി വിതറിയ ശേഷം ജെറിന്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.