വാഷിംങ്ടണ്‍: ഇന്ത്യയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രവൃത്തികളുമായി പാക്കിസ്താന്‍ മുന്നോട്ട് പോവുകയാണെന്ന് അമേരിക്ക. ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും പാക്കിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരാക്രമണം തടയുന്നതില്‍ പാക്കിസ്താന്‍ പരാജയപ്പെട്ടു. ഇന്ത്യയിലെ സൈനിക താവളമായ പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പാക്കിസ്താനാണെന്നും അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരരെ സ്വന്തം മണ്ണില്‍ നിന്ന് തുടച്ചുനീക്കുന്നതിന് പാക്കിസ്താന്‍ പരാജയപ്പെട്ടു. രാജ്യന്താര തലത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്വന്തം അവസ്ഥയെക്കുറിച്ച് പാക്കിസ്താന്‍ ആശങ്കാകുലരാണ്. ഇന്ത്യയുടെ വളര്‍ച്ചയും പാക്കിസ്താനെ പേടിപ്പെടുത്തുന്നു. ഇതുകൊണ്ടാണ് ചൈനയുമായുള്ള ബന്ധത്തിന് പാക്കിസ്താന്‍ മുന്നോട്ട് വരുന്നത്. ഇന്ത്യയുടെ പ്രദേശങ്ങളില്‍ നോട്ടമിട്ടിരിക്കുന്ന ചൈനക്കും ഇത് വളരെ സഹായകരമാണ്. പാക്കിസ്താന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇന്ത്യ എപ്പോഴും ചര്‍ച്ചക്ക് മുന്‍കൈ എടുക്കാറുണ്ടെന്ന് രഹസ്യാന്വേഷണ മേധാവി ഡാനിയല്‍ കോട്ടസ് പറഞ്ഞു.

അഫ്ഗാനിസ്ഥാനെ പിന്നോട്ടടിപ്പിക്കുന്നത് സാമ്പത്തികമായ കെട്ടുറപ്പില്ലായ്മയാണ്. അമേരിക്കയും സഖ്യരാജ്യങ്ങളും പരമാവധി സൈനിക പിന്തുണ അഫ്ഗാനിസ്താന് നല്‍കുന്നുണ്ടെങ്കിലും രാഷ്ട്രീയ -സുരക്ഷാ രംഗങ്ങളിലെ സ്ഥിതിഗതികള്‍ മോശമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.