ആലപ്പുഴ ജില്ലയില്‍ തീരദേശമേഖലകളെയും ദ്വീപുകളെയും ബന്ധിപ്പിച്ച് വാട്ടര്‍ ബസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ജലഗതാഗത വകുപ്പ്. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസുകള്‍ മേഖലയിലെ ഗതാഗതമേഖലയില്‍ വലിയ കുതിച്ചുചാട്ടമാകുമെന്നുള്ള പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്. പെരുമ്പളം, പാണാവള്ളി, മുഹമ്മ ഭാഗങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുക.
വാട്ടര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സമിതിയുടെ പഠനത്തിന് തുടക്കമായി.

പരിശോധനയ്ക്ക് ശേഷം വാട്ടര്‍ ബസ് പദ്ധതിയുടെ നടത്തിപ്പ്, രജിസ്‌ട്രേഷന്‍, ഗതാഗത സംവിധാനം, ആവിഷ്‌കരണം എന്നിവ സംബന്ധിച്ച് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനു മുന്‍പ് സമാനമായ പദ്ധതി സംസ്ഥാനത്ത് ഇല്ലാത്തതിനാല്‍ ഇതിന്റെ മേല്‍നോട്ടം എങ്ങനെയായിരിക്കണമെന്നും പഠനം നടത്തും. പഠനത്തില്‍ പദ്ധതി വിജയകരമാകുമെന്ന് വിലയിരുത്തലുണ്ടായാല്‍ പദ്ധതി ആരംഭിക്കാനാണ് നീക്കം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ ഷിപ്പ് ടെക്‌നോളജി വിഭാഗം ആദ്യഘട്ട പഠനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് രണ്ടാം ഘട്ട പഠനത്തിന് സമിതി രൂപീകരിച്ചത്.

കരയിലും വെള്ളത്തിലും ഓടിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ബസാണ് ഇതിനായി തയ്യാറാക്കുക. സാധാരണ ബസിന്റെ ഘടനയില്‍ നിന്ന് വെള്ളത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വ്യത്യാസങ്ങളുണ്ടാകും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പായി ബോട്ട് ജെട്ടികളും വാഹനങ്ങള്‍ വെള്ളത്തിലേയ്ക്കും തിരിച്ച് കരയിലേയ്ക്കും കയറ്റാന്‍ ആവശ്യമായ റാംപുകളും തയ്യാറാക്കേണ്ടതുണ്ട്. സാധാരണ യാത്രക്കാരെ ഉദ്ദേശിച്ചുള്ള ചെലവ് കുറഞ്ഞ സര്‍വീസ് വിനോദസഞ്ചാര മേഖലകളിലേയ്ക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.