india
ആര്‍.എസ്.എസിനെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജയായ എഴുത്തുകാരിയെ എമിഗ്രേഷന്‍ നിഷേധിച്ച് നാടുകടത്തി
ആര്‍.എസ്.എസിന്റെയും തീവ്രഹിന്ദുത്വ സംഘടനകളുടെയും വിമര്‍ശകയാണ് പ്രഫസര്‍ നിതാഷ കൗള്‍.

കര്‍ണാടക സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വംശജയായ കവിയും യു.കെ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാല പ്രഫസറുമായ നിതാഷ കൗളിനെ ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന്, 24 മണിക്കൂറിന് ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചു.
ആര്‍.എസ്.എസിന്റെയും തീവ്രഹിന്ദുത്വ സംഘടനകളുടെയും വിമര്‍ശകയാണ് പ്രൊഫസര്‍ നിതാഷ കൗള്‍. ഇക്കാരണത്താലാണ് ഇവരെ തടഞ്ഞുവെച്ച് തിരിച്ചയച്ചതെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.
ബെംഗളൂരുവില്‍ ‘ഭരണഘടനയും ദേശീയ ഐക്യവും’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി സാമൂഹിക ക്ഷേമ വകുപ്പിന്റെ ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു പ്രഫ. നിതാഷ കൗള്‍. ഫെബ്രുവരി 23നാണ് ഇവര്‍ ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. എന്നാല്‍, ഇമിഗ്രേഷന്‍ അധികൃതര്‍ വിമാനത്താവളത്തിന് പുറത്തുവിടാതെ തടഞ്ഞുവെക്കുകയായിരുന്നു.
IMPORTANT: Denied entry to #India for speaking on democratic & constitutional values. I was invited to a conference as esteemed delegate by Govt of #Karnataka (Congress-ruled state) but Centre refused me entry. All my documents were valid & current (UK passport & OCI). THREAD 1/n pic.twitter.com/uv7lmWhs4k
— Professor Nitasha Kaul, PhD (@NitashaKaul) February 25, 2024
തന്നെ കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖകളും ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിച്ചിട്ടും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. 12 മണിക്കൂറെടുത്താണ് ലണ്ടനില്‍ നിന്ന് ബംഗളൂരുവിലെത്തിയത്. 24 മണിക്കൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.
മുഴുവന്‍ സമയവും സിസിടിവി നിരീക്ഷണത്തിലായിരുന്നു. മതിയായ ഭക്ഷണമോ വെള്ളമോ ലഭിക്കുമായിരുന്നില്ല. ഒരു പുതപ്പിനും തലയണക്കും വേണ്ടി എത്രയോ തവണ ചോദിച്ചിട്ടും തന്നില്ല. 24 മണിക്കൂറിന് ശേഷമായിരുന്നു തിരികെ വിമാനം. 12 മണിക്കൂര്‍ പിന്നെയും യാത്രചെയ്തു തിരികെ ലണ്ടനിലെത്താന്‍ -പ്രഫ. നിതാഷ കൗള്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
I spent 12 hours in a flight from London to Bangalore, several hours at immig where they shuttled me here & there, provided no info on process, then 24 hours in a holding cell (no BA flight back until next day) under direct cctv w restricted movement, a narrow area to lie down pic.twitter.com/2WwytP9RZk
— Professor Nitasha Kaul, PhD (@NitashaKaul) February 25, 2024
എന്തിനാണ് തടഞ്ഞുവെച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരവും അധികൃതര്‍ നല്‍കിയില്ലെന്നും ‘ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശമാണ്’ എന്നാണ് പറഞ്ഞതെന്നും നിതാഷ കൗള്‍ പറഞ്ഞു.
ആര്‍.എസ്.എസിനെ കുറിച്ച് താന്‍ നടത്തിയ വിമര്‍ശനങ്ങള്‍ ഉദ്യോഗസ്ഥര്‍ സംസാരത്തിനിടെ സൂചിപ്പിച്ചു. ഹിന്ദുത്വവാദികള്‍ വര്‍ഷങ്ങളായി തന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും വിലക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഫ. നിതാഷ കൗള്‍ പറഞ്ഞു.
എന്റെ അമ്മ താമസിക്കുന്ന വീട്ടിലേക്ക് പൊലീസിനെ അയച്ചിട്ടുണ്ട്. ഈ ഭീഷണികളെയെല്ലാം ഞാന്‍ നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്തത്. വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ വിലക്കുളള കാര്യം തന്നെ അറിയിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നതെന്നും അവര്‍ ചോദിച്ചു.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് നിതാഷ കൗള്‍ ജനിച്ചത്. 21ാം വയസുമുതല്‍ ഇംഗ്ലണ്ടിലായിരുന്നു പഠനവും ഗവേഷണവും. ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സിലും പൊളിറ്റിക്കല്‍ എക്കണോമിയിലും നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.
ആദ്യ നോവലായ ‘റെസിഡ്യൂ’ 2009ലെ മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസ് ചുരുക്കപ്പെട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റിയ ശേഷം കശ്മീരികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയം കമ്മിറ്റിയില്‍ മുഖ്യ സാക്ഷിയായി സംസാരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
india
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്
2025 മെയ് മുതൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്

ന്യൂഡൽഹി: സമീപ ആഴ്ചകളിൽ ഇന്ത്യൻ അധികാരികൾ നൂറുകണക്കിന് ബംഗാളി മുസ്‌ലിംകളെ ‘നിയമവിരുദ്ധ കുടിയേറ്റക്കാർ’ എന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ‘ഇന്ത്യൻ പൗരന്മാരായ ബംഗാളി മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിലൂടെ ഇന്ത്യ ഭരിക്കുന്ന ബിജെപി വിവേചനത്തിന് ആക്കം കൂട്ടുകയാണ്.’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏഷ്യ ഡയറക്ടർ എലൈൻ പിയേഴ്സൺ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കണ്ടെത്തലുകൾ അറിയിച്ചുകൊണ്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും പിയേഴ്സൺ പറഞ്ഞു.
‘ഇന്ത്യൻ സർക്കാർ പുറത്താക്കപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ മെയ് 7 നും ജൂൺ 15 നും ഇടയിൽ ഇന്ത്യ 1,500-ലധികം മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ബോർഡർ ഗാർഡ് ബംഗ്ലാദേശ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മ്യാൻമറിൽ നിന്നുള്ള ഏകദേശം 100 റോഹിംഗ്യൻ അഭയാർത്ഥികളും ഉൾപ്പെടുന്നു.’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പത്രക്കുറിപ്പിൽ പറയുന്നു. 2025 മെയ് മുതൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ഈ നടപടിയെന്ന് HRW ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശ് അതിർത്തി പ്രദേശത്തുള്ള അസമിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ നിന്ന് മെയ് മാസത്തിൽ ഏകദേശം 100 റോഹിംഗ്യൻ അഭയാർഥികളെ ഇന്ത്യൻ അധികൃതർ പുറത്താക്കിയാതായി റിപ്പോർട്ടിൽ പറയുന്നു. മ്യാൻമറിന് സമീപമുള്ള 40 റോഹിംഗ്യൻ അഭയാർഥികളെ അധികൃതർ നിർബന്ധിച്ച് ലൈഫ് ജാക്കറ്റുകൾ നൽകി കടലിൽ തള്ളിയതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (OHCHR) റിപ്പോർട്ട് ചെയ്തിരുന്നു. മ്യാൻമറിനെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ടോം ആൻഡ്രൂസ് ഇതിനെ ‘മനുഷ്യ മാന്യതക്ക് അപമാനം’ എന്നാണ് വിശേഷിപ്പിച്ചത്. റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുന്നത് തടയാനുള്ള അപേക്ഷ ഇന്ത്യൻ സുപ്രിം കോടതി മെയ് ആദ്യത്തിൽ നിരസിച്ചു, ഇന്ത്യൻ നിയമപ്രകാരം അവർ വിദേശികളാണെന്ന് കണ്ടെത്തിയാൽ അവരെ നാടുകടത്തണമെന്നും കോടതി പറഞ്ഞു.
india
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
കേസിൽ ചോദ്യം ചെയ്യുന്നതിനായി റാണക്കൊപ്പം, നടന്മാരായ പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെയുള്ളവർക്കും ഇ.ഡി സമൻസ് അയച്ചിരുന്നു

ഹൈദരാബാദ്: നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് ആപ്പുകളുടെ പ്രമോഷനിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ റാണ ദഗ്ഗുബാട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദ്ദേശം. ജൂലൈ 23ന് ചോദ്യം ചെയ്യാൻ ഹാജരാകാനായിരുന്നു ആദ്യം നിർദേശിച്ചത്. എന്നാൽ നടൻ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പ്രമോട്ട് ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി സിനിമ താരങ്ങൾ ഉൾപ്പെട്ടതാണ് കേസ്. കേസിൽ ചോദ്യം ചെയ്യുന്നതിനായി റാണക്കൊപ്പം, നടന്മാരായ പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെയുള്ളവർക്കും ഇ.ഡി സമൻസ് അയച്ചിരുന്നു. പ്രകാശ് രാജിനെ ജൂലൈ 30നും വിജയ് ദേവരകൊണ്ടയെ ആഗസ്റ്റ് ആറിനും ചോദ്യം ചെയ്യാനാണ് തീരുമാനം.
ഹൈദരാബാദ് പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ, കേസിൽ 29 സെലിബ്രിറ്റികൾക്കെതിരെ അന്വേഷണ ഏജൻസി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോ എന്നുമാണ് ഇ.ഡി അന്വേഷിക്കും. സിനിമാതാരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ്, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ നിലവിൽ ഇ.ഡി അന്വേഷണങ്ങൾ നടത്തിവരികയാണ്.
അതേസമയം, റാണ ദഗ്ഗുബതി തന്റെ ലീഗല്‍ ടീം വഴി പ്രസ്താവന പുറത്തിറക്കിയിരുന്നു. സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017ല്‍ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2016ല്‍ ജംഗിള്‍ റമ്മിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് നടന്‍ പ്രകാശ് രാജും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുശേഷം റമ്മിയുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്‌ഫോമിനെയും പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
india
മുംബൈ ട്രെയിൻ സ്ഫോടനം: പ്രതികളെ വെറുതെ വിട്ടത് സ്റ്റേ ചെയ്‌ത് സുപ്രീം കോടതി
മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: 7/11 മുംബൈ ട്രെയിൻ സ്ഫോടന കേസിൽ 12 പേരെ വെറുതെ വിട്ട ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ 12 പേരെ വെറുതെവിട്ട ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായി മഹാരാഷ്ട്ര സർക്കാർ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 12 പേരെ വെറുതെവിട്ടത്. 189 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2006 ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെയും ജൂലൈ 21 തിങ്കളാഴ്ച ബോംബൈ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് കോടതിയുടെ വിധി വരുന്നത്. 2015 ലാണ് വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയത്. അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും വിധിച്ചു.
2006 ജൂലൈ 11 ന് 11 മിനിറ്റിനുള്ളിൽ ഏഴ് ബോംബ് സ്ഫോടനങ്ങളാണ് മുംബൈയിലെ പ്രത്യേക ലോക്കൽ ട്രെയിനുകളിൽ നടന്നത്. വൈകുന്നേരം 6.24നും 6.35നും ഇടയിൽ റിഗ്ഗ്ഡ് പ്രഷർ കുക്കറുകൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ചർച്ച്ഗേറ്റിൽ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിലാണ് ഇവ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപമാണ് അവ പൊട്ടിത്തെറിച്ചത്.
2015-ൽ വിചാരണ കോടതി ഈ കേസിൽ 12 പേരെ കുറ്റക്കാരായി കണ്ടെത്തി. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതി ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമാൽ അൻസാരി, എഹ്തെഷാം സിദ്ദുഖി, നവീദ് ഖാൻ എന്നിവർക്ക് വധശിക്ഷ വിധിച്ചു. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, ഡോ. തൻവീർ അൻസാരി, മജിദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. എന്നാൽ ഹൈക്കോടതി വിധിയോടെ 12 പ്രതികളും കുറ്റമുക്തമാക്കപ്പെട്ടു.
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india3 days ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ അപ്പുറമെന്തോ ഉണ്ട്; കോണ്‍ഗ്രസ്
-
kerala3 days ago
വിഎസിന് വിട; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
-
kerala3 days ago
സ്വകാര്യബസ് സമരം മാറ്റിവെച്ചു, പരീക്ഷകള്‍ മാറ്റി
-
india3 days ago
അതിര്‍ത്തിയില്‍ അഭ്യാസപ്രകടനം നടത്താന്‍ വ്യോമസേന
-
kerala3 days ago
സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കാരം, പാചക തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കണം
-
News3 days ago
യുദ്ധക്കുറ്റം ആരോപിച്ച് രണ്ട് ഇസ്രാഈലികളെ ബെല്‍ജിയന്‍ പോലീസ് ചോദ്യം ചെയ്തു
-
kerala3 days ago
വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു