വഡോദര: ആര്‍.എസ്.എസിനെ തുറന്ന് കാട്ടി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ആര്‍എസ്എസ സ്ത്രീ വിരുദ്ധ സംഘടനയാണ്, ആര്‍എസ്എസ് ശാഖകളില്‍ കാക്കി നിക്കര്‍ ഇട്ട സ്ത്രീകളെ ആരെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ഗാന്ധി.
ഗുജറാത്തിലെ വഡോദരയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു രാഹുല്‍ ആര്‍.എസ്.എസിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

‘ബിജെപിയുടെ പ്രധാനപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. എത്ര സ്ത്രീ അംഗങ്ങളുണ്ട് അവര്‍ക്ക്. അവരുടെ ശാഖകളില്‍ നിക്കറിട്ട സ്ത്രീകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എനിക്ക് ഇതുവരെയും കാണാന്‍ കഴിഞ്ഞിട്ടില്ല’, രാഹുല്‍ പറഞ്ഞു.

 

സ്ത്രീ നിശബ്ദയായിരിക്കുന്ന കാലത്തോളം കുഴപ്പമില്ലെന്ന് കരുതുന്ന അവര്‍ സ്ത്രീ ശബ്ദിച്ച് തുടങ്ങിയാല്‍ നിശബ്ദയാക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ വിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലയ്ക്കും കൂടി ഊന്നല്‍ നല്‍കും. നിങ്ങള്‍ക്ക് ആവശ്യമുളളത് എന്താണെന്ന് മോദി എന്നെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ’ രാഹുല്‍ ജനങ്ങളോട് ആരാഞ്ഞു.