തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച ആനീസ് കിച്ചണ്‍ എന്ന ഭക്ഷണശാല തങ്ങളുടേതല്ലെന്ന് വിശദീകരിച്ച് നടി ആനിയും സംവിധായന്‍ ഷാജി കൈലാസും രംഗത്ത്. ഭക്ഷണശാലയുടെ ഉടമ താനും ഭാര്യയുമാണെന്നാണ് പലരും തെറ്റദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ അത് തങ്ങളല്ലെന്നും ഭക്ഷണശാലയുമായി ഒരു വിധത്തിലുമുള്ള ബന്ധമില്ലെന്നും ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു. ആനി ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന പാചക പരിപാടിയുടെ പേരും ആനീസ് കിച്ചണ്‍ എന്നാണ്. ഇത് തെറ്റിദ്ധരിച്ചാണ് പലരും ഇക്കാര്യം അന്വേഷിച്ച് തങ്ങളെ വിളിക്കുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു. ഇതുസംബന്ധിച്ച് നിരവധി ഫോണ്‍ കോളുകള്‍ തനിക്കും ഭാര്യക്കും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെക്കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ നേരിട്ട് അവരെ അറിയിക്കേണ്ടതാണ്. അത്തരത്തിലൊരു സ്ഥാപനം ആരംഭിക്കുകയാണെങ്കില്‍ താനോ ആനിയോ നേരിട്ട് ജനങ്ങളെ അറിയിക്കുമെന്നും ഷാജി കൈലാസ് പറഞ്ഞു.