വാഷിങ്ടണ്‍: ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. പ്രസിഡന്റിന്റെ പ്രഖ്യാപനം തടഞ്ഞ കീഴ്‌ക്കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് അപ്പീല്‍ കോടതി അറിയിച്ചതോടെയാണ് ട്രംപ് വീണ്ടും വെട്ടിലായത്. സര്‍ക്കാറിന്റെ ഹര്‍ജി പരിഗണിച്ച യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതി തീവ്രവാദ ഭീഷണിക്കു വ്യക്തമായ തെളിവുണ്ടോയെന്നു ആരാഞ്ഞു. എന്നാല്‍ കോടതി നടപടിയില്‍ രോഷം കൊണ്ട ട്രംപ് ട്വിറ്ററില്‍ രൂക്ഷമായി പ്രതികരിച്ചു. കോടതിയില്‍ കാണാമെന്നും രാഷ്ട്ര സുരക്ഷ അവതാളത്തിലാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ജഡ്ജിമാരായ മിഖേല്‍ ടറിന്‍ ഫ്രൈഡ്‌ലാന്റ്, റിച്ചാര്‍ഡ് ക്ലിഫ്ടണ്‍, വില്യം കാന്‍ബി എന്നിവരടങ്ങിയ പ്രത്യേക ബഞ്ചാണ് യു.എസ് സര്‍ക്കാറിന്റെ അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്.

972173-refugee_germany_b-1444733239-667-640x480-1
മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം വിലക്കിയ ട്രംപിന്റെ ഉത്തരവ് സിയാറ്റില്‍ ജില്ലാ കോടതി ജഡ്ജി ജെയിംസ് എല്‍ റോബര്‍ട്ടാണ് രാജ്യവ്യാപകമായി മരവിപ്പിച്ചത്. രാജ്യത്ത് ഭരണഘടന നടപ്പാക്കേണ്ടതുണ്ടെന്നും നിയമത്തിനു മുന്നില്‍ പ്രസിഡന്റ് ഉള്‍പ്പടെ ആരും വലിയവരല്ലെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. പ്രസിഡന്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗൂസന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സിയാറ്റില്‍ ജഡ്ജിയുടെ പ്രതികരണം.

re_1

ജനുവരി 27നാണ് ട്രംപിന്റെ വിവാദ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ജില്ലാ കോടതികളെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ ഹര്‍ജി അപ്പീല്‍ കോടതി തള്ളിയോടെ ഇനി സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി നേടിയാല്‍ മാത്രമേ നിയമവകുപ്പിന് വിസ നിരോധന ഉത്തരവ് നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ.