ചെന്നൈ: രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമായി തുടരുന്ന ചെന്നൈയില്‍ ആരാകും അവസാനവാക്ക് എന്ന ചോദ്യത്തിന് ഉത്തരം തേടി തമിഴകം. കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനം എന്താകുമെന്ന ആശങ്കയിലാണ് തമിഴ് ജനത. അതിനിടെ, ശശികല ക്യാമ്പില്‍ വിള്ളല്‍ രൂക്ഷമായി. പിന്തുണ ലഭിക്കുന്നതിന് ശശികല ഒളിവില്‍ പാര്‍പ്പിച്ച 130 എംഎല്‍എമാരില്‍ 30 പേര്‍ ഉപവാസം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സ്വതന്ത്രരാക്കണമെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ശശികലക്കെതിരെ എംഎല്‍എമാര്‍ ഉപവാസം നടത്തുന്നത്. നേരത്തെ, ഡിഎംകെയില്‍ ചേരുമെന്ന്് അഭ്യൂഹമുണ്ടായിരുന്ന നാല്‍പതോളം പേരില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ശശികലക്കെതിരെ പനീര്‍ശെല്‍വം രംഗത്തുവന്നതിനു പിന്നാലെയാണ് ശശികല എംഎല്‍എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം, എംഎല്‍എമാരെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അതിനിടെ, ശശികല ഇന്നലെ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച എംഎല്‍എമാരുടെ പട്ടികയിലെ ചില ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പട്ടികയിലെ ഒപ്പുകള്‍ വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണറോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.