ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ സിംഘുവിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 44പേര്‍ അറസ്റ്റില്‍. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി കര്‍ഷകരടക്കമുള്ളവര്‍ക്കെതിരെയാണ് അലിപൂര്‍ പൊലീസ് കേസെടുത്തത്. അതേസമയം, കര്‍ഷകസമരവേദിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് സിംഘു, തിക്രി അതിര്‍ത്തികളില്‍ സുരക്ഷവര്‍ധിപ്പിച്ചു. ഇന്നും ഈ മേഖലയില്‍ അക്രമസംഭവമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
ഇന്നലെ കര്‍ഷക പ്രക്ഷോഭസിരാകേന്ദ്രമായ സിംഘുവിലേക്ക് ഇരച്ചുകയറിയ ഇരുനോറോളം വരുന്ന സംഘം കര്‍ഷകരെ അക്രമിക്കുകയും നാശനഷ്ടം വരുത്തുകയുമായിരുന്നു. പ്രദേശവാസികളെന്ന് അവകശപ്പെട്ടായിരുന്നു ആളുകള്‍ കര്‍ഷകവേദി കൈയേറിയത്.

പൊലീസ് നോക്കിനില്‍ക്കെയാണ് സംഘര്‍ഷം നടന്നത്. ഇത്തരം സംഭവങ്ങള്‍ സമരത്തെ ശക്തിപ്പെടുത്തുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. അതേസമയം, ഡല്‍ഹി-യു.പി അതിര്‍ത്തിയായ ഗാസിപൂരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തികൊണ്ടിരിക്കുകയാണ്.