മലപ്പുറം: മലപ്പുറത്തുകാരന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഫുട്‌ബോള്‍ പ്രേമം പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വിധം പ്രശസ്തമാണ്. മലപ്പുറത്തും കോഴിക്കോട്ടും നടക്കുന്ന സെവന്‍സ് മത്സരങ്ങള്‍ മുതല്‍ യൂറോപ്യന്‍ ലീഗ് മത്സരങ്ങള്‍ വരെ മലപ്പുറത്തുകാര്‍ ഒരേ ആവശത്തോടെയാണ് കാണാറുള്ളത്. റയല്‍ മാഡ്രിഡിന്റേയും ബാഴ്‌സലോണയുടേയും മാഞ്ചസ്റ്ററിന്റേയും ലിവര്‍പൂളിന്റേയും കളികാണാന്‍ രാവ് പകലാക്കുന്നവരാണ് മലപ്പുറത്തുകാര്‍.

ഒരു മലപ്പുറത്തുകാരന്റെ ഫുട്‌ബോള്‍ പ്രേമത്തിന്‌ ഇംഗ്ലീഷ് ക്ലബ്ബായ ആര്‍സനല്‍ നല്‍കിയ അംഗീകാരമാണ് പുതിയ വാര്‍ത്ത. ഫുട്‌ബോള്‍ പ്രേമം തലക്ക് പിടിച്ച മഞ്ചേരിക്കാരന്‍ ഇന്‍സമാമാണ് വാര്‍ത്തയിലെ താരം. ഇന്‍സമാം തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ആര്‍സനലിനോടുള്ള പ്രേമം പ്രകടിപ്പിച്ചത് സ്വന്തം മകന് ആര്‍സനല്‍ താരത്തിന്റെ പേരിട്ടുകൊണ്ടാണ്.

മകന് ആര്‍സനല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങറുടെ പേര് നല്‍കാനാണ് കൂട്ടുകാര്‍ നിര്‍ദേശിച്ചതെങ്കില്‍ പ്രിയ താരം മസൂദ് ഓസിലിന്റെ പേര് നല്‍കാനായിരുന്നു ഇന്‍സമാമിന്റെ തീരുമാനം. തങ്ങളുടെ പ്രിയ ആരാധകന്റെ സ്‌നേഹം മനോഹരമായ ദൃശ്യാവിഷ്‌കാരമൊരുക്കിയാണ് ആര്‍സനല്‍ ലോകത്തെ അറിയിച്ചത്.

ക്ലബ് തങ്ങളുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലിട്ട വീഡിയോ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം: