വെംബ്ലി: ആഴ്്‌സന്‍ വെംഗറുടെ മാനം അലക്‌സി സാഞ്ചസും റാംസേയും കാത്തു. വെംബ്ലി മൈതാനത്തിന്റെ പകല്‍ മനോഹാരിതയില്‍ നടന്ന എഫ്.എ കപ്പ് കലാശപോരാട്ടത്തില്‍ ചിലിക്കാരന്‍ അലക്‌സി സാഞ്ചസ് അഞ്ചാം മിനുട്ടിലും രണ്ടാം പകുതിയില്‍ റാംസേ നേടിയ ഹെഡ്ഡര്‍ ഗോളും ആഴ്‌സനലിന് തുണയായി. പ്രീമിയര്‍ ലീഗ് ജേതാക്കളായ അന്റോണിയോ കോണ്ടെയുടെ ചെല്‍സിയെ ശരിപ്പെടുത്തിയാണ് ഗണ്ണേഴ്‌സ് സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തും യുവേഫ ചാമ്പ്ന്‍സ് ലീഗില്‍ പ്രി ക്വാര്‍ട്ടറിലും പുറത്തായ ആഴ്‌സനലും രണ്ട് പതിറ്റാണ്ടായി ടീമിന്റെ അമരക്കാരന്‍ വെംഗറും വിമര്‍ശനങ്ങളുടെ നടുവിലായിരുന്നു. ആദ്യ പകുതിയില്‍ സാഞ്ചസിന്റെ ഗോളില്‍ ലീഡ് നേടിയ ഗണ്ണേഴ്‌സ് വിജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു ഡിയാഗോ കോസ്റ്റ ചെല്‍സിക്കായി സമനില നേടിയത്. എന്നാല്‍ അടുത്ത മിനുട്ടില്‍ തന്നെ തകര്‍പ്പന്‍ ഹെഡ്ഡറില്‍ റാംസേയുടെ വിജയ ഗോളെത്തി.

ആവേശകരമായിരുന്നു കലാശ പോരാട്ടം. മല്‍സരത്തിന് തൊട്ട് മുമ്പ് മാഞ്ചസ്റ്ററില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് കളി തുടങ്ങിയത്. പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ആവേശത്തില്‍ ചെല്‍സിയുടെ നീലപ്പടയാണ് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. പക്ഷേ അഞ്ചാം മിനുട്ടില്‍ സാഞ്ചസിലൂടെ ഭാഗ്യ ഗോള്‍ വന്നതോടെ ഗണ്ണേഴ്‌സ് ഉണര്‍ന്നു. ഫൗള്‍ ടച്ചുള്ള, ഓഫ് സൈഡ് നിറമുള്ള ഗോളായിരുന്നു അത്. ചെല്‍സി ബോക്‌സില്‍ ആഴ്‌സനല്‍ താരങ്ങള്‍ തമ്പടിച്ചപ്പോള്‍ സാഞ്ചസിന്റെ ഷോട്ട് വലയില്‍ കയറിയത് ഓഫ്‌സൈഡ് കെണിയിലായിരുന്നു. ലൈന്‍ റഫറി ഓഫ് സൈഡ് കൊടിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആഴ്‌സനല്‍ താരങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ റഫറി ലൈന്‍ റഫറിയുമായി സംസാരിച്ചു. തുടര്‍ന്നാണ് ഗോള്‍ അനുവദിച്ചത്. ലീഡുയര്‍ത്താന്‍ ഗണ്ണേഴ്‌സ പരിശ്രമിക്കവെ പലപ്പോഴും ഭാഗ്യമാണ് ചെല്‍സിയെ തുണച്ചത്. ഒന്നാം പകുതിയില്‍ ഒരു തവണ പോസ്റ്റും ചെല്‍സിക്ക് തുണയായീ. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡിഫന്‍ഡര്‍ മോയസിന് ചുവപ്പ് കാര്‍ഡ് കിട്ടിയത് ചെല്‍സിക്ക് ആഘാതമായി. ഗണ്ണേഴ്‌സ് പെനാല്‍ട്ടി ബോക്‌സില്‍ ഡൈവ് ചെയ്തതിനായിരുന്നു ചുവപ്പ് കാര്‍ഡ്. പിറകെ കോസ്റ്റയുടെ സമനില വന്നു. പക്ഷേ തല താഴ്ത്താതെ കളിച്ച ഗണ്ണേഴ്‌സ് റാംസേയിലുടെ വിജയമുറപ്പാക്കി