കെ. മൊയ്തീന്‍ കോയ

ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഫലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാടിലൂടെ സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ബറാക്ക് ഒബാമക്ക് ലോക മെമ്പാടുമുള്ള സമാധാന പ്രേമികളില്‍ ഹീറോ പരിവേഷം. ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ 36 വര്‍ഷത്തിനിടെ ആദ്യത്തെ പ്രമേയം രക്ഷാസമിതി അംഗീകരിക്കുന്നതിന് അമേരിക്ക മൗനാനുവാദം നല്‍കിയതില്‍ ഇസ്രാഈല്‍ രോഷാകുലരായിട്ടുണ്ടെങ്കിലും രാഷ്ട്രാന്തരീയ സമൂഹം ആഹ്ലാദപൂര്‍വമാണ് സ്വാഗതം ചെയ്യുന്നത്.

 

കിഴക്കന്‍ ജറൂസലമിലേയും വെസ്റ്റ് ബാങ്കിലേയും ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രാഈല്‍ നടത്തുന്ന അനധികൃത കുടിയേറ്റം തടയണമെന്നാവശ്യം ധാര്‍ഷ്ട്യത്തോടെ അവഗണിക്കുന്ന ജൂത രാഷ്ട്രത്തിന് യു.എന്‍ പ്രമേയം കനത്ത പ്രഹരമായി. യു.എന്നിന് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച ഇസ്രാഈല്‍, ഒരു പക്ഷേ, യു.എന്‍ ബന്ധം വിഛേദിക്കാന്‍ തന്നെ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല.

യു.എന്‍ പ്രമേയം അംഗീകരിക്കില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അവയൊന്നും രാഷ്ട്രാന്തരീയ സമൂഹം ഗൗരവത്തിലെടുക്കുന്നില്ല. ഇസ്രാഈല്‍ എപ്പോഴെങ്കിലും യു.എന്‍ പ്രമേയം അനുസരിച്ച ചരിത്രമില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പ്രഖ്യാപനത്തിലും അത്ഭുതമില്ല.

യു.എന്‍ പ്രമേയം പാസായപ്പോള്‍, പ്രഹരമേറ്റത് ഇസ്രാഈലിന് മാത്രമല്ല, അടുത്ത മാസം 20-ന് സ്ഥാനമേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍സീസിക്കും ഈ അപമാനത്തില്‍ നിന്ന് കര കയറാന്‍ അടുത്തൊന്നും കഴിയില്ല. പ്രമേയം അവതാരകര്‍ യഥാര്‍ത്ഥത്തില്‍ ഈജിപ്ത് ആയിരുന്നു. വെനിസുല, സെനഗല്‍, മലേഷ്യ, ന്യൂസിലാന്റ് എന്നീ രാഷ്ട്രങ്ങള്‍ പിന്താങ്ങി. എന്നാല്‍ ഡൊണാല്‍ഡ് ട്രംപ് ഈജിപ്ത് പ്രസിഡന്റ് അല്‍സീസിയെ ഭീഷണിപ്പെടുത്തി പിന്‍മാറ്റി.

 

അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തില്‍ ജനാധിപത്യ ഭരണ കൂടത്തെ അട്ടിമറിച്ച് അധികാരം കയ്യടക്കിയ ഈ സൈനിക മേധാവിക്ക് അമേരിക്കയുടെ ഭീഷണി അവഗണിച്ചാല്‍ സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. അല്‍സീസി പിന്‍മാറിയപ്പോള്‍ പ്രമേയത്തെ പിന്തുണച്ച രാഷ്ട്രങ്ങള്‍ അതേറ്റെടുത്തു. ഇസ്രാഈലും ഈജിപ്തും ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചതല്ല. അംഗ രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രമേയത്തിന്റെ കരട് രേഖ വിതരണം ചെയ്ത ഈജിപ്തിന് രക്ഷാസമിതി പ്രമേയം അംഗീകരിച്ചപ്പോള്‍ അപമാനം കൊണ്ട് തല താഴ്‌ത്തേണ്ടി വന്നു. ഒരു കാലഘട്ടത്തില്‍ അറബ് ലോകത്തിന്റെ നായകത്വം വഹിച്ചിരുന്ന ജമാല്‍ അബ്ദുല്‍ നാസറിന്റെ രാഷ്ട്രം അറബ് സമൂഹത്തില്‍പ്പെടുന്ന ഫലസ്തീനികള്‍ക്കു വേണ്ടി നടത്താന്‍ കഴിയുമായിരുന്ന ചരിത്രപരമായ ദൗത്യം കളഞ്ഞു കുളിച്ചു. ട്രംപിന്റെയും ഇസ്രാഈലിന്റെയും ഭീഷണിക്ക് മുന്നില്‍ അല്‍സീസി പഞ്ചപുച്ഛ മടക്കി കുമ്പിട്ടുനില്‍ക്കുന്ന കാഴ്ച ദയനീയം.

 
ഡോണാള്‍ഡ് ട്രംപ് അധികാരം കയ്യേല്‍ക്കും മുമ്പേ ഇറങ്ങി കളിച്ചു അപമാനിതനായി. ഈജിപ്തിനെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞ ട്രംപിന് പക്ഷേ, സ്വന്തം രാഷ്ട്രത്തിന്റെ യു.എന്‍ സ്ഥാനപതി സാമന്ത പവറിനെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. പവറിനെ വിളിച്ച് പ്രമേയത്തെ എതിര്‍ക്കാനും വീറ്റോ പ്രയോഗിക്കാനും ട്രംപ് നിര്‍ദ്ദേശിച്ചുവെങ്കിലും അവര്‍ സ്വീകരിച്ചില്ല. ‘ജനുവരി 20-ന് ശേഷം ഐക്യരാഷ്ട്ര സഭയില്‍ നിലപാട് മാറുമെന്ന് ജൂത പിന്തുണയോടെ വിജയിച്ച ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പാസായ പ്രമേയത്തില്‍ ഇനി ഭേദഗതി സാധ്യമല്ല. രക്ഷാസമിതിയിലെ സ്ഥിരാംഗ രാജ്യങ്ങളില്‍ ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന എന്നിവ പ്രമേയത്തെ പിന്താങ്ങിയതാണ്.

 

അഞ്ചാമത്തെ സ്ഥിരാംഗമായ അമേരിക്ക വിട്ടുനിന്നു. ഈ പ്രമേയത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമായൊരു പ്രമേയം ഭാവിയില്‍ അമേരിക്ക തന്നെ അവതരിപ്പിച്ചാല്‍പോലും മറ്റ് സ്ഥിരാംഗങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയില്ല. ട്രംപ് എന്ത് നിലപാട് മാറ്റിയാലും തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ച ജൂത സമൂഹത്തെ സഹായിക്കാന്‍ ധൃതിപിടിച്ച് കഴിയില്ല. എല്ലാ വ്യവസ്ഥകലും മറികടന്ന് ഇറങ്ങികളിച്ച ട്രംപിന് കനത്ത താക്കീതാണ് വൈറ്റ് ഹൗസ് നല്‍കിയത്: ‘അമേരിക്കക്ക് ഒരു സമയം ഒരു പ്രസിഡണ്ട് മതി’.

 
അമേരിക്കയുടെ പ്രസിഡണ്ടായി എട്ട് വര്‍ഷം മുമ്പ് സ്ഥാനം ഏല്‍ക്കുമ്പോള്‍ പശ്ചിമേഷ്യന്‍ സമാധാനം ഒബാമയുടെ സ്വപ്‌നമായിരുന്നു. സഖ്യരാഷ്ട്രങ്ങളുമായി ചേര്‍ന്ന്, പശ്ചിമേഷ്യന്‍ ദൗത്യം മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ ഏല്‍പ്പിച്ചപ്പോഴും ഒബാമ ഭരണകൂടത്തിന് ഈ ലക്ഷ്യമുണ്ട്. ദ്വിരാഷ്ട്ര ഫോര്‍മുലക്ക് തടസ്സം ഇസ്രാഈലിന്റെ കുടിയേറ്റ നയം തന്നെ. അധിനിവിഷ്ട ഭൂമിയില്‍ അഞ്ച് ലക്ഷം ജൂതരെയാണ് ഇസ്രഈല്‍ ഭരണകൂടം കുടിയിരുത്തിയിട്ടുള്ളത്. 1967ല്‍ യുദ്ധത്തില്‍ ഇസ്രഈല്‍ കയ്യടക്കിയ ഭൂമി ഉള്‍പ്പെട ഫലസ്തീന്‍ ഭൂമിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു അറബ് ലീഗും പാശ്ചാത്യ നാടുകളും ലക്ഷ്യമാക്കിയത്.

 

1948 മെയ് 15ന് ആണ് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ രാഷ്ട്ര രൂപീകരണം ബ്രിട്ടനും റഷ്യയും ചേര്‍ന്ന് യു.എന്നില്‍ അവതരിപ്പിച്ചത്. അവശേഷിച്ച ഫലസ്തീന്‍ ഭൂമിയില്‍ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ, യു.എന്‍ തീരുമാനത്തെ എതിര്‍ത്ത അറബ് രാഷ്ട്രങ്ങള്‍ മാറി നിന്നു. ഫലസ്തീന്‍ വിഭജനത്തിന് മുന്നില്‍ നിന്നത് ബ്രിട്ടന്‍. ഒന്നാം ലോക യുദ്ധത്തിന്റെ അവസാന നാളുകളില്‍ അന്നത്തെ ബ്രിട്ടീഷ് വിദേശ മന്ത്രി ആര്‍തര്‍ ജയിംസ് ബാല്‍ഫോര്‍ ജൂത സമൂഹവുമായി കരാറ് ഉണ്ടാക്കി. ഇതാണ് ‘ബാല്‍ഫോര്‍ പ്രഖ്യാപനം’ എന്ന പേരില്‍ കുപ്രസിദ്ധമായത്.

 

വിഭജിക്കപ്പെടുമ്പോള്‍ ഇസ്രാഈലിന്റെ വിസ്തൃതി 5300 ചതുരശ്ര നാഴിക. ജനസംഖ്യയില്‍ അഞ്ച് ലക്ഷം ജൂതരും 5.06 ലക്ഷം അറബികളും. പിന്നീട് വിവിധ യുദ്ധങ്ങളിലൂടെ 33,500 ചതുരശ്ര നാഴികയായി കയ്യേറി. യു.എന്‍ വിഭജനത്തെ തുടര്‍ന്ന് ഫലസ്തീന്‍കാര്‍ക്ക് ലഭിച്ച ഭൂമിയില്‍ സ്വതന്ത്ര രാഷ്ട്രം ആരുടേയും ഔദാര്യമല്ല. അതിനും സമ്മതിക്കില്ലെന്നാണ് ജൂത രാഷ്ട്രത്തിന്റെ ധാര്‍ഷ്ട്യം. ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍ സമൂഹം അയല്‍പക്ക അറബ് നാടുകളിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്നു. അവശിഷ്ട ഫലസ്തീന്‍ ഭൂമി തുണ്ടംതുണ്ടമാക്കി വിഭജിച്ചുകൊണ്ടിരിക്കുന്നു ഇസ്രാഈല്‍. വെസ്റ്റ് ബാങ്കില്‍ വിഭജന മതില്‍ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. ഇവിടെ നിരവധി കുടിയേറ്റ കേന്ദ്രങ്ങള്‍ ലോകമെമ്പാടുമുള്ള ജൂതരെ മാടിവിളിക്കുകയാണ്.

 
പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കുന്നതിന് ഒബാമയുടെ നീക്കത്തോട് പുറംതിരിഞ്ഞുനിന്ന ചരിത്രമാണ് ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുള്ളത്. സമാധാന നീക്കത്തിന് തടസം സൃഷ്ടിച്ച് കുടിയേറ്റ കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ചു. അനധികൃത നിര്‍മ്മാണം നിര്‍ത്തിയെങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചക്കുള്ളൂവെന്ന നിലപാടില്‍ ഫലസ്തീന്‍ നേതൃത്വം ഉറച്ചുനിന്നു. ഒബാമ ഭരണത്തില്‍ കാര്യമായ സമാധാന നീക്കങ്ങളൊന്നും നടക്കാതെ പോയി.

 

പ്രമേയം അംഗീകരിക്കുന്നതിന് മൗനാനുവാദം നല്‍കുന്നതിന് ഒബാമയെ പ്രേരിപ്പിച്ചത് ഈ കാരണങ്ങളാണത്രെ. യു.എന്‍ പ്രമേയം പാസായത് കൊണ്ട് എല്ലാം നേരെയായെന്നാരും വിശ്വസിക്കുന്നില്ല. ട്രംപ് വന്നാല്‍ ഇസ്രാഈലിന് ധാര്‍ഷ്ട്യം കൂടും. ട്രംപ് പശ്ചിമേഷ്യന്‍ ദൗത്യം ഏല്‍പ്പിക്കുന്നത് സ്വന്തം പുത്രനെയാണ്. ജറൂസലം തലസ്ഥാനമായി ഇസ്രാഈല്‍ വരണമെന്നാഗ്രഹിക്കുന്ന നേതാവാണ് ട്രംപ്. കൂടുതല്‍ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമാണ് ഫലസ്തീനേയും പശ്ചിമേഷ്യയാകെയും കാത്തിരിക്കുന്നത്.

 

പുതുവര്‍ഷത്തില്‍ യു.എന്‍ പ്രമേയം ഫലസ്തീന്‍കാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പോരാട്ടത്തില്‍ വഴിത്തിരിവാകും. ഫലസ്തീന്‍ പ്രവാചന്മാരുടെ ഭൂമിയാണ്. അറബ് ലീഗിനും ഒ.ഐ.സിക്കും ഈ ഭൂമി വീണ്ടെടുക്കല്‍ കര്‍മ്മപദ്ധതിയാകണം. കുരിശു യോദ്ധാക്കളെ പരാജയപ്പെടുത്തി സ്വലാഹുദ്ദീന്‍ അയ്യൂബി മോചിപ്പിച്ച ബൈത്തുല്‍മുഖദ്ദിസ് ജൂതപ്പടയുടെ കയ്യില്‍ നില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സമാധാനം ആഗ്രഹിക്കുന്നവരുടെ ചിന്താഗതി. യു.എന്‍ പ്രമേയം ഇതിലേക്കുള്ള വഴി തുറക്കട്ടെ എന്ന് പ്രത്യാശിക്കാം.