പ്രൊഫ. പി.കെ.കെ തങ്ങള്‍

അടുത്തകാലത്തായി വിദ്യാലയങ്ങളില്‍ വിശേഷിച്ചും കോളജ് സര്‍വകലാശാലാ തലങ്ങളില്‍ പ്രത്യേക പ്രവണത തലപൊക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി അത് തുടര്‍ന്ന്‌കൊണ്ടിരിക്കുകയുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായശാലകളോ കച്ചവടസ്ഥാപനങ്ങളോ എന്നപോലെ അവിടുത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നു. തീര്‍ത്തും സാമ്പത്തികലാഭം ലക്ഷ്യംവെച്ചുകൊണ്ടുള്ളതും വിദ്യാഭ്യാസരംഗത്തിന്റെ പ്രത്യേകതകള്‍ പാടെ മറന്നുകൊണ്ടുള്ളതുമായ ഒരു കാര്യമാണത്. വിദ്യാലയങ്ങളില്‍ നിത്യകൂലി അധ്യാപകരെ നിയമിക്കുന്ന, അങ്ങേയറ്റം അപരിഷ്‌കൃതമായ രീതി. മണിക്കൂറിന് കൂലി നിശ്ചയിച്ചു അധ്യാപകരെ നിയമിക്കുക. പണിയെടുക്കുന്ന മണിക്കൂറുകളെണ്ണി കാശു കൊടുക്കുക. സ്ഥാപനവുമായി എന്തൊരു ആത്മബന്ധമാണ് അത്തരം അധ്യാപകര്‍ക്ക് ഉണ്ടാവുക? വിദ്യാര്‍ത്ഥികളുമായി എന്തൊരു ആത്മബന്ധമാണവര്‍ക്ക് പുലര്‍ത്താനാവുക. അധ്യാപകവിദ്യാര്‍ഥി ബന്ധത്തില്‍ അനിവാര്യമായ ‘തുടര്‍ച്ച’ (കണ്ടിന്യൂവിറ്റി) ആണിവിടെ നഷ്ടമാകുന്നത്. സ്‌കൂളിലെ പഠനേതര കാര്യങ്ങളില്‍ ഇടപെട്ടു വിദ്യാര്‍ഥികളുമായി ആത്മബന്ധം പുലര്‍ത്താനും അതുവഴി വിദ്യാര്‍ത്ഥികളുടെ വ്യക്തിവികാസം സാധ്യമാവാനും അവസരം എങ്ങനെ കിട്ടും, തുടങ്ങി ഒട്ടനവധി പ്രായോഗികതയുടെ പ്രശ്‌നങ്ങള്‍ അവിടെ ഉടലെടുക്കുന്നില്ലേ? ചില കോളജുകളില്‍ റെഗുലര്‍ അധ്യാപകരേക്കാള്‍ കൂടുതല്‍ ഇത്തരം ‘ഗസ്റ്റ്’ ലക്ചറര്‍മാര്‍ പണിയെടുക്കുന്നുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ തിരിച്ചറിവ്? വെറും ചെലവ് ചുരുക്കല്‍. കുഞ്ചന്‍ നമ്പ്യാര്‍ ‘നമുക്കും കിട്ടണം പണം’ എന്ന് പറഞ്ഞപോലെ ‘നമുക്കും കിട്ടണം ലാഭം’ എന്ന കാഴ്ചപ്പാടാണോ ഉത്തരവാദപ്പെട്ടവരുടേത്? ഈ നിലപാട് കുറച്ചുകാലംകൂടി തുടരുകയാണെങ്കില്‍ ഉന്നത വിദ്യാദ്യാസ രംഗം എന്തായി മാറും. ഉത്തരവാദിത്വമുള്ള സ്ഥിരം ജീവനക്കാരോട് നിഷ്‌കര്‍ഷിക്കുന്ന എന്തെങ്കിലും ഈ യാതൊരു തൊഴിലുറപ്പും ആകര്‍ഷണവുമില്ലാത്ത നിത്യജീവിതത്തിന്തന്നെ മതിയാവാത്ത പ്രതിഫലത്തിന് പണിയെടുക്കുന്നവരില്‍ അടിച്ചേല്‍പ്പിക്കാനാവുമോ.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക്മുമ്പ് യു. ജി.സിയുടെ ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഭാഗമായി കോളജ് അധ്യാപകര്‍ക്ക് ആ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികംവരുന്ന ഒരു ശമ്പള വര്‍ധന സംവിധാനം ഏര്‍പ്പെടുത്തി. അതിനെക്കുറിച്ച് മറ്റു പല കോണുകളില്‍നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. യു.ജി.സി അതിനെല്ലാം കണിശമായി മറുപടിയും കൊടുത്തു. ഉന്നത വിദ്യാഭ്യാസം മറ്റൊന്നും പോലെയല്ല, അധ്യാപകര്‍ യഥാര്‍ത്ഥത്തില്‍ മുഴുനേര അധ്യാപകരാണ്. അവര്‍ക്ക് ക്ലാസില്‍ കയറി ‘ലക്ചര്‍’ ചെയ്യുന്ന ജോലി മാത്രമല്ല, അവര്‍ ക്യാമ്പസില്‍ തന്നെ ഉണ്ടാവണം, അവര്‍ സദാനേരവും വിദ്യാര്‍ത്ഥികളുടെ സംശയദൂരീകരണത്തിനും മാര്‍ഗദര്‍ശനത്തിനും ലഭ്യമായിരിക്കണം തുടങ്ങി വളരെയധികം പ്രായോഗികവും അനിവാര്യവുമായ വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു യു.ജി.സിയുടെ ഉത്തരവ്. അങ്ങനെ പഠിപ്പിക്കലും പരീക്ഷയും അനുബന്ധ കൃത്യങ്ങളും നേരാംവണ്ണം നിര്‍വഹിക്കപ്പെടണമെങ്കില്‍ അല്ലലില്ലാത്ത, മറ്റു ആകുല ചിന്തകള്‍ കടന്നുവരാത്തവിധമുള്ള ജീവിത സുരക്ഷാബോധവും അധ്യാപകര്‍ക്ക് ഉണ്ടാവണമെങ്കില്‍ അതിനവര്‍ക്ക് ആവശ്യമായ ഭൗതിക വിഭവങ്ങള്‍ കൂടിയേതീരൂ എന്നതുകൊണ്ടാണ് അത്തരം ആനുകൂല്യം കോളജ് അധ്യാപകര്‍ക്ക് നടപ്പിലാക്കിയത്. കാരണം വിദ്യാഭ്യാസരംഗത്തെ ഇടപെടല്‍ വെറുമൊരു കായിക രീതിയിലല്ല, അങ്ങേയറ്റം ഒരു അര്‍പ്പണത്തിന്റെ വിഷയമാണ്.
അതിഥിവത്കരണം ആദ്യമാദ്യം ഉന്നതവിദ്യാഭ്യാസരംഗത്തായിരുന്നെങ്കില്‍ ക്രമേണ അത് സ്‌കൂള്‍ തലത്തിലും മറ്റെല്ലാ സര്‍ക്കാര്‍ സര്‍വീസുകളിലേക്കും വ്യാപിക്കുകയും ചുരുക്കത്തില്‍ ഒരു പ്രത്യേക ‘അതിഥി’ സമ്പ്രദായം എല്ലാ മേഖലകളെയും വിഴുങ്ങികൊണ്ടിരിക്കുകയും ചെയ്യുന്നു. കാലുറപ്പിച്ചുനില്‍ക്കാന്‍ കഴിയാത്തവനെങ്ങിനെ മനസ്സാന്നിധ്യം ഉണ്ടാകുമെന്ന് ചിന്തിക്കുക. മനസ്സും ചിന്തയും ബുദ്ധിയും ശാരീരിക സാന്നിധ്യവും ഉള്‍പ്പെടെ എല്ലാ അര്‍പ്പണവും ഒരുമിച്ച് ആവശ്യമായിവരുന്ന വിദ്യാഭ്യാസരംഗത്തെയെങ്കിലും ഈ ദുരവസ്ഥയില്‍ നിന്നും കരകയറ്റേണ്ടതാണ്. അതിഥി അധ്യാപകരായി തുടരുന്നവര്‍ തികച്ചും പൂര്‍ണ്ണ യോഗ്യരാണെന്നതിനാല്‍, അവരുടെ ഇതുവരെയുള്ള സേവനകാലം മാനിച്ച് പൂര്‍ണമായ സര്‍ക്കാര്‍ നിബന്ധനകള്‍ പുലര്‍ത്തി യോഗ്യരാണെന്ന് കണ്ടെത്തുകയാണെങ്കില്‍, അത്തരക്കാരെ അവരുടെ ഇത:പര്യന്തമുള്ള സേവന അനുഭവം ഉപയോഗപ്പെടുത്തുമാറു ‘അതിഥി’ പദവി ഇല്ലാതാക്കി റെഗുലര്‍ അധ്യാപകരാക്കി ഉന്നത വിദ്യാഭ്യാസമേഖലയുടെ യശസ്സ് വീണ്ടെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അടുത്ത തലമുറ രംഗത്തെത്തുമ്പോഴേക്കും ഉന്നതവിദ്യാഭ്യാസം കടുത്ത നിലവാര തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ ശമ്പള നിരക്കിന്റെ നാലിലൊന്നു പോലുമില്ലാത്ത പ്രതിഫലത്തിന് പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന അധ്യാപകരുടെ മാനസിക അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.