ഷെരീഫ് സാഗർ

1999ൽ ഏഴാം തവണയും മഹാരാഷ്ട്രക്കാരനായ ഗുലാം മെഹമൂദ് ബനാത് വാലയെ പാർലമെന്റിലേക്കയച്ച പൊന്നാനിക്കാരെ അഭിനന്ദിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവർത്തകൻ ടി.എൻ ഗോപകുമാർ കലാകൗമുദിയിൽ എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങൾ: 
.
.
ബനാത് വാല എഴുന്നേറ്റ് ഒരു നിമിഷം ആവശ്യപ്പെട്ടാൽ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടയിൽ പോലും സ്പീക്കറും പ്രധാനമന്ത്രിയും അത് അംഗീകരിച്ച് അദ്ദേഹത്തിന് സമയം അനുവദിക്കുമായിരുന്നു. രാജീവ് അതു ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നരസിംഹറാവുവും അതേ ബഹുമാനം കാട്ടിയിരുന്നു. ഇന്ത്യയുടെ ലോക്സഭയിൽ വെറും രണ്ടംഗങ്ങളുടെ പാർട്ടിയുടെ പ്രതിനിധിയായിട്ടല്ല; പാർലമെന്ററി ജനാധിപത്യത്തിന്റെ വലിയ വക്താവായ മനുഷ്യനോട് കാട്ടിയ നിഷേധിക്കാനാവാത്ത ആദരവായിരുന്നു അത്. മധുദന്തവദെ, ഇന്ദ്രജിത് ഗുപ്ത, സോമനാഥ് ചാറ്റർജി, കെ.പി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ പ്രാവീണ്യം തികഞ്ഞ വലിയ അംഗങ്ങളും ബനാത് വാലയ്ക്ക് വേണ്ടി വീണ്ടും കസേരകളിൽ ഉപവിഷ്ഠരാകുമായിരുന്നു. 
ബനാത് വാലയെ ഞാൻ ക്രൂദ്ധനായി കണ്ടത് രണ്ടു സന്ദർഭങ്ങളിലാണ്.

ഷാബാനോ കേസിൽ സുപ്രിംകോടതി വിധിയുണ്ടായപ്പോൾ സ്വകാര്യ ബില്ല് അവതരിപ്പിക്കപ്പെട്ടു. ന്യൂനപക്ഷാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായി കരുതപ്പെട്ട ആ വിധിക്കെതിരെ ബനാത് വാല നടത്തിയ പ്രസംഗത്തിന്റെ അവതരണ ഗാംഭീര്യം ഇനിയുണ്ടാകാൻ വഴിയില്ല.
ബനാത്വാലയുടെ വാദമുഖങ്ങള്ഡക്ക് മുന്നിൽ സർക്കാരിന് വഴങ്ങേണ്ടി വന്നു. അന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്നെ സഭയിൽ വന്ന് അഭ്യർത്ഥിച്ചു. നിങ്ങളുടെ സ്വകാര്യമെമ്പറുടെ ബില്ല് പിൻവലിക്കുക. സുപ്രിംകോടതി വിധിയുടെ ഭരണഘടനാ പ്രശ്നങ്ങൾ മറികടക്കാൻ സർക്കാർ തന്നെ ഔദ്യോഗിക ബില്ല് അവതരിപ്പിക്കാം. അങ്ങനെ ഉണ്ടായതാണ് മുസ്ലിം വനിതാ സംരക്ഷണ നിയമം. ‌

ജാമിഅ മില്ലിയ്യ സർവ്വകലാശാലയുടെ പ്രശ്നത്തിലും ബനാത് വാല പൊട്ടിത്തെറിച്ചു. ബാബരി മസ്ജിദ് പ്രശ്നമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പാർലമെന്റേറിയനെ പുറത്തുകൊണ്ടുവന്നത്. 
ഇംഗ്ലീഷ് പാണ്ഡിത്യത്തിന്റെ ഇസ്ലാമികമായ അഹങ്കാരങ്ങളണിയാതെ മനോഹരനായ ഈ ജനപ്രതിനിധിയെ വീണ്ടും ലോക്സഭയിലേക്ക് അയച്ചതാണ് കേരളം കാണിച്ച വലിയ സാക്ഷരത. മലയാളിയല്ലാത്തത് കാര്യമല്ല, ബനാത് വാലയുടെ അടുത്ത തലമുറ കുറെയേറെ പഠിക്കണം. 
.
.
ഗുലാം മഹ്മൂദ് ബനാത്‌വാല വിടപറഞ്ഞിട്ട് 
ഇന്നേക്ക് 11 വർഷമായി.
ഫാസിസ്റ്റ് ശക്തികള്‍ വീണ്ടും അധികാരത്തില്‍ വന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ 
ഏറെ പ്രസക്തമാണ് ഈ കുറിപ്പെന്നു തോന്നുന്നു.