സുഫ്‌യാന്‍ അബ്ദുസ്സലാം

സി.എച്ചിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് വളരെയധികം ജാഗ്രത പുലര്‍ത്തിയും സംവരണത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തെ തിരിച്ചറിഞ്ഞുമാണ് പ്രവര്‍ത്തിച്ചത്. ഭരണപരിഷ്‌കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന്മുമ്പ്തന്നെ മുസ്‌ലിംലീഗ് 1958 ഒക്ടോബര്‍ 5 ന് എറണാകുളത്ത് ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ റിപ്പോര്‍ട്ടിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പ്രമേയം പാസാക്കിയിരുന്നു. പ്രഥമ നിയമസഭയില്‍ സി.എച്ചിന്പുറമെ കെ. മൊയ്തീന്‍കുട്ടി ഹാജി, കെ ഹസന്‍ഗനി തുടങ്ങിയവരും സാമുദായിക സംവരണത്തിന് കത്തി വെക്കുന്ന പല നീക്കങ്ങളെയും ചെറുത്തുതോല്‍പ്പിക്കുന്നതിനായി ശക്തമായ ഇടപെടലുകള്‍ നടത്തിയതായി നിയമസഭാരേഖകള്‍ വ്യക്തമാക്കുന്നുണ്ട്. അക്കാലത്ത് പിന്നാക്ക സമുദായത്തിന് നീക്കിവെച്ചിരുന്ന സംവരണത്തില്‍ ഓരോ സമുദായത്തിനും വേര്‍തിരിച്ചുള്ള ശതമാനം നിശ്ചയിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അതിന്റെ ഏറ്റവും വലിയ നഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നത് മുസ്‌ലിം സമുദായത്തിനായിരുന്നു. ഓരോ സമുദായത്തിനും പ്രത്യേക സംവരണ ശതമാനം നിശ്ചയിക്കുന്ന ‘കമ്യൂണല്‍ സബ് റൊട്ടേഷന്‍’ അനുവദിക്കണമെന്ന സി.എച്ചിന്റെ നിരന്തരമായ ആവശ്യമാണ് പിന്നീട് 12 ശതമാനം സംവരണം മുസ്‌ലിംകള്‍ക്ക് നേടിക്കൊടുത്തത്.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിനുമുമ്പ് മുതല്‍ ലഭിച്ചുവന്നിരുന്ന സംവരണാനുകൂല്യങ്ങളില്‍ മായം കലര്‍ത്തിയാണ് 1958ല്‍ ഇ.എം.എസ് സര്‍ക്കാര്‍ തയ്യാറാക്കിയ കേരളസ്റ്റേറ്റ് ആന്റ്് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ് (കെ.എസ് & എസ്.എസ്.ആര്‍) തയ്യാറാക്കിയത്. പിന്നാക്കവിഭാഗങ്ങളില്‍നിന്നും വേണ്ടത്ര ഉദ്യോഗാര്‍ത്ഥികളെ ലഭ്യമായില്ലെങ്കില്‍ അവരെ ഒഴിവാക്കി നിയമനം നടത്താന്‍ സാധിക്കുന്ന തരത്തിലുള്ള ഭേദഗതികളോടെയാണ് അത് തയ്യാറാക്കപ്പെട്ടത്. അതുവഴി പിന്നാക്ക സമുദായങ്ങളില്‍പെട്ടവര്‍ക്ക് ലഭിക്കേണ്ട ഒട്ടേറെ ഉദ്യോഗങ്ങള്‍ അവര്‍ക്ക് നഷ്ടമായി. ഈ നഷ്ടങ്ങളുടെ കണക്കുകളാണ് 2002 ലെ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചത്ത്‌കൊണ്ടുവന്നത്. ഈ പ്രാതിനിധ്യക്കുറവ് (ബാക്ക്‌ലോഗ്) പരിഹരിക്കാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല. എന്നാല്‍ 2006 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭാവിയില്‍ പ്രാതിനിധ്യക്കുറവ് ഇല്ലാതാക്കാനുള്ള നടപടി എടുത്തു. ഏതെങ്കിലും സംവരണ സമുദായത്തിന് നീക്കിവെച്ച ഒഴിവിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് പട്ടികയിലില്ലെങ്കില്‍ അതേ സമുദായത്തിന് മാത്രമായി പ്രത്യേകം അപേക്ഷ ക്ഷണിച്ച് നേരിട്ടുള്ള നിയമനംവഴി ഒഴിവു നികത്തണമെന്ന ഭേദഗതി കെ.എസ്&എസ്.എസ്ആറില്‍ കൊണ്ടുവന്നു.
ബാക്ക്‌ലോഗ് പരിഹരിക്കുന്ന കാര്യത്തില്‍ സി.എച്ചും മാതൃക കാണിച്ചിട്ടുണ്ട്. 1960 ല്‍ പ്രസിദ്ധീകരിച്ച പി.എസ്.സിയുടെ ഒരു റാങ്ക്‌ലിസ്റ്റില്‍ പിന്നാക്കക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി അദ്ദേഹം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. അതിന്റെ ഫലമായി പി.എസ്.സി സപ്ലിമെന്ററി പരീക്ഷ സംഘടിപ്പിച്ചു. മുന്‍ ഉപമുഖ്യമന്ത്രി കെ അവുക്കാദര്‍ കുട്ടി നഹയും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നാക്ക വിഭാങ്ങളുടെ എണ്ണം പരിഹരിക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ പി.എസ്.സിക്ക് നിര്‍ദ്ദേശം നല്‍കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനോട് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യം നന്നേ കുറവായിരുന്നു. ഇത് പരിഹരിച്ചത് 1961 ല്‍ മുസ്‌ലിംലീഗ് പിന്തുണയോടെ ഭരിച്ചിരുന്ന പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
സംവരണത്തിന്റെ ദിശ തിരിച്ചുവിട്ടതില്‍ നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് വലിയ പങ്കാണുള്ളത്. 1967 ഒക്ടോബറില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം രണ്ടാം ഇ.എം.എസ് സര്‍ക്കാറാണ് കമ്മീഷനെ നിയമിച്ചത്. 1970 നവംബര്‍ 30 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സി അച്യുതമേനോന്‍ ആയിരുന്നു മുഖ്യമന്ത്രി. 8000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് മാത്രമേ സാമുദായിക സംവരണത്തിന്റെ ആനുകൂല്യം അനുവദിക്കാനാവൂ എന്നതായിരുന്നു നെട്ടൂര്‍ കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. സാമുദായിക സംവരണത്തിന്റെ ശതമാനം കുറക്കാനുള്ള നിര്‍ദ്ദേശവും ഉണ്ടായിരുന്നു. നേരത്തെ ഭരണപരിഷ്‌കാര കമ്മിറ്റി മുമ്പോട്ട്‌വെച്ച സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന വിധമായിരുന്നു നെട്ടൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് എന്നതുകൊണ്ടുതന്നെ നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ആദ്യം മുമ്പോട്ട് വന്നത് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. ദേശാഭിമാനിയിലും ചിന്തയിലും ലേഖനങ്ങള്‍ കൊണ്ട് അദ്ദേഹം നിറഞ്ഞാടി. 8000 രൂപ വാര്‍ഷിക വരുമാനമായി നിജപ്പെടുത്തിക്കൊണ്ടുള്ള നെട്ടൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇ.എം.എസ് എഴുതിയത് ഇങ്ങനെയായിരുന്നു: ‘പിന്നോക്കജാതിക്കാരില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ള ഒരു ചെറുന്യൂനപക്ഷമായ പ്രമാണിവര്‍ഗത്തിന് ഈ ആനുകൂല്യം കിട്ടേണ്ടതില്ലെന്ന് അത് (നെട്ടൂര്‍ കമ്മീഷന്‍) നിര്‍ദ്ദേശിക്കുന്നു. അവര്‍ മുന്നോക്കസമുദായക്കാരോടൊപ്പം മത്സരിച്ചു വിജയിക്കുക തന്നെ വേണം.’ (ചിന്ത 10-08-1973). പിന്നാക്ക സമുദായങ്ങളില്‍ ദരിദ്ര-ധനിക വേര്‍തിരിവുണ്ടാക്കി അവര്‍ക്കിടയില്‍ ഭിന്നതകള്‍ വളര്‍ത്തി സാമുദായിക സംവരണത്തെ പൂര്‍ണ്ണമായും തളര്‍ത്താനുള്ള കുറുക്കന്റെ ബുദ്ധിയാണ് ഇവിടെ ഇ.എം.എസ് പ്രയോഗിച്ചത്.
ഇ.എം.എസും കമ്യൂണിസ്റ്റ് സഹയാത്രികരും നേരത്തെ പറഞ്ഞുതുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിലെ ‘പ്രമാണിമാര്‍’, മുന്നാക്ക വിഭാഗങ്ങളിലെ ‘പാവപ്പെട്ടവര്‍’ എന്ന വിഭാഗീയത നെട്ടൂര്‍ കമ്മീഷനെ മാത്രമല്ല പിന്നീട് കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെക്കാലം പിന്നാക്ക സമുദായത്തിന്റെ അടിസ്ഥാന വരുമാനം എന്ന ആശയത്തിന്മേല്‍ കേരള നിയമസഭയില്‍ വലിയ വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1979 ഫിബ്രവരി 23 നു നടന്ന നിയമസഭാ ചര്‍ച്ചകളില്‍ സി.പി.എം അടക്കമുള്ള കക്ഷികള്‍ നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വീറോടെ വാദിച്ചപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊരമ്പയില്‍ അഹമ്മദ് ഹാജി പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ‘സാമ്പത്തികമായ പരിധി ഇല്ലാതിരിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണം പോലും ലഭിച്ചിട്ടില്ല. നേരെമറിച്ച് 8000 രൂപ കൂടി പരിധി നിശ്ചയിക്കുകയാണെങ്കില്‍ ഇന്ന് കിട്ടുന്ന സംവരണവിഹിതം ഞങ്ങള്‍ക്ക് കിട്ടുകയില്ലെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഈ പ്രമേയത്തെ എതിര്‍ക്കുന്നത്.’ അദ്ദേഹം പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു; ‘സാര്‍, പിന്നാക്കാവസ്ഥയെന്ന് പറയുമ്പോള്‍ അത് സാമ്പത്തിക മേഖലയില്‍ ഒതുങ്ങിനില്‍ക്കുന്ന പിന്നാക്കാവസ്ഥയല്ലെന്നും അത് സാമൂഹ്യാടിസ്ഥാനത്തിലുള്ള പിന്നാക്കാവസ്ഥയാണെന്നും ആദ്യമായി മനസ്സിലാക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. സാമൂഹികമായ പിന്നാക്കാവസ്ഥക്ക് ചില ഉദാഹരണങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ നാട്ടില്‍, ഏറനാട് താലൂക്കില്‍ ഏറ്റവും വലിയ പണക്കാരനായ ഒരാള്‍, ഒരു അയ്യര്‍ വക്കീലിന്റെ അടുത്തുപോയി മുണ്ട് ഒക്കത്ത്‌വച്ച് മുറ്റത്ത്‌നിന്ന് തന്റെ കേസുകള്‍ പറഞ്ഞുകൊടുക്കുന്ന കാഴ്ച എന്റെ കണ്ണുകൊണ്ട് ഞാന്‍ കണ്ടിട്ടുണ്ട്. സാമ്പത്തികമായാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന ഒരാളാണ്. അപ്പോള്‍ സാമൂഹ്യ അനീതിയുടെയും അടിച്ചമര്‍ത്തലിന്റെയും ഫലമുണ്ടായി പിന്നാക്കാവസ്ഥയാണ് ഇതെന്നാണ് ഞാന്‍ കാണുന്നത്.’
സംവരണ സമുദായങ്ങളിലെ സമ്പന്നരെ ചൂണ്ടിക്കാട്ടി അതിനെ പര്‍വ്വതീകരിച്ച് സാമുദായിക സംവരണത്തിനെതിരെ തെറ്റിദ്ധാരണയുണ്ടാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഭാവനയാണ് ‘ക്രീമിലെയര്‍’. സുപ്രീംകോടതി വരെ വിഷയം എത്തിക്കുന്നതില്‍ അവര്‍ വിജയിച്ചു. അവര്‍ണര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിതി ഉണ്ടായാലും അവര്‍ ഉദ്യോഗ-ഭരണ തലങ്ങളില്‍ പ്രവേശിക്കുന്നത് തടുത്തുനിര്‍ത്തുകയെന്ന ഗൂഢലക്ഷ്യമാണ് ക്രീമിലെയര്‍ നിയമത്തിന്റെ പിറകിലുള്ളത്. തിരുവിതാംകൂര്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു ഈഴവനായിരുന്ന ആലുംമൂട്ടില്‍ ചാന്നാര്‍ അതിസമ്പന്നനായിരുന്നുവെങ്കിലും അസ്പൃശ്യനായിരുന്നതിനാല്‍ എല്ലാ പൊതുനിരത്തുകളിലൂടെയും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹം ‘ക്രീമിലെയര്‍’ ആയിരുന്നു. പക്ഷെ ജാതീയമായ വേര്‍തിരിവ് കാരണം അദ്ദേഹത്തിന് ഇത്തരത്തിലുള്ള വിഷമതകള്‍ അനുഭവിക്കേണ്ടിവന്നു. ഈഴവര്‍ എത്ര സമ്പന്നരായിരുന്നാലും അവരുടെ കുലത്തൊഴിലായ കള്ളുചെത്തും കയര്‍പിരിയും കൊണ്ടു മാത്രം ജീവിച്ചാല്‍ മതിയെന്നാണ് സവര്‍ണര്‍ പറഞ്ഞിരുന്നത്. സാമ്പത്തികമായി ഉയര്‍ന്നാല്‍ സംവരണം പാടില്ലെന്ന് പറയുകയും അതേസമയം സമ്പന്നരാണെങ്കില്‍പോലും കുലത്തൊഴില്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നു പറയുകയും ചെയ്യുക. സവര്‍ണമേധാവിത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇവിടെ കാണുന്നത്. സീതി സാഹിബ് പറയാറുള്ള ഉദാഹരണം എത്ര പ്രസക്തമാണ്. കൊണ്ടോട്ടിയിലെ അധികാരിയേക്കാള്‍ പതിന്മടങ്ങ് സാമ്പത്തികാവസ്ഥ കൊണ്ടോട്ടിയിലെ മത്സ്യമാര്‍ക്കറ്റ് നടത്തുന്ന ഒരു ഹാജിയാര്‍ക്ക് ഉണ്ടായിരുന്നിരിക്കാം. പക്ഷെ ഹാജിയാര്‍ക്ക് അധികാരത്തിന്റെ നാലയലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. ക്രീമിലെയര്‍ വാദം ഉയര്‍ത്തിക്കാണിക്കുന്ന കമ്യൂണിസ്റ്റ് ‘പ്രഭുക്കള്‍’ മനസ്സില്‍ സൂക്ഷിക്കുന്നതും ഇതുതന്നെയാണ്. തങ്ങളുടെ പോളിറ്റ്ബ്യൂറോയില്‍ എന്നപോലെതന്നെ അധികാരത്തിന്റെ ഇടനാഴികകളില്‍ പിന്നാക്കവിഭാഗങ്ങള്‍ ഒരിക്കലും പ്രവേശിച്ചുകൂടാ എന്ന സവര്‍ണ്ണത്വമാണ് ഇവരെ നയിച്ചുകൊണ്ടിരിക്കുന്നത്.
2016 ല്‍ അധികാരത്തില്‍വന്ന പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കുകയുണ്ടായി. 2019 ലാണ് പാര്‍ലമെന്റില്‍ ബി.ജെ.പി സാമ്പത്തിക സംവരണ ബില്‍ പാസ്സാക്കുന്നത്. അതിനും മൂന്ന് വര്‍ഷം മുമ്പ്തന്നെ കേരളത്തില്‍ പിണറായി അത് നടപ്പാക്കിയിരുന്നു. സാമ്പത്തിക സംവരണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി ലഭിക്കാന്‍ പലരും പലപ്പോഴും ശ്രമിച്ചിട്ടും പരാജയപ്പെട്ടതാണ്. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ബി.ജെ.പി അത് നടപ്പാക്കിയെങ്കിലും ഇനിയും ഇതുസംബന്ധമായി സുപ്രീംകോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. പാര്‍ലമെന്റ് പാസ്സാക്കിയത് ഭരണഘടനാവിരുദ്ധമാണ് എന്നാണ് സംവരണത്തെക്കുറിച്ച് അറിയാവുന്നവരെല്ലാം പറഞ്ഞുവെച്ചിട്ടുള്ളത്. അതിനിടയിലാണ് ധൃതിപിടിച്ച് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിണറായിയുടെ മന്ത്രിസഭാതീരുമാനം പുറത്തുവന്നു നാല് ദിവസം കഴിഞ്ഞപ്പോള്‍ പി.എസ്.സിയും ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. സാമ്പത്തികമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി പദ്ധതികള്‍ കൊണ്ടുവരണമെന്ന് തന്നെയാണ് സാമുദായിക സംവരണത്തിന്‌വേണ്ടി വാദിക്കുമ്പോഴും അതിന്റെ ആളുകള്‍ക്ക് പറയാനുള്ളത്. പക്ഷെ, അത്തരം പദ്ധതികള്‍ സാമുദായിക സംവരണത്തിന്റെ കഴുത്തില്‍ പിടിച്ച് അതിനെ ഞെക്കിക്കൊന്നു കൊണ്ടാവരുതെന്നു മാത്രമാണ് പറയാനുള്ളത്.
(അവസാനിച്ചു)