തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും സര്‍ക്കാരിനും പങ്കില്ലെന്ന് ഇനിയെങ്കിലും മാര്‍ക്‌സിസ്റ്റുകാര്‍ ആവര്‍ത്തിക്കില്ലെന്ന് ജനത്തിന് സമാധാനിക്കാം. കഴിഞ്ഞ 115 ദിവസത്തോളം ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം പൊയ്‌വെടികളായിരുന്നുവെന്ന് തെളിഞ്ഞ ദിവസമാണ് ഇന്നലെ രാത്രിയോടെ കഴിഞ്ഞുപോയത്. മുഖ്യമന്ത്രിയും സര്‍ക്കാരും സി.പി.എമ്മും ഇനിയും ഏത് പാഴ്മുറംകൊണ്ട് മറച്ചാലും ഒളിച്ചുവെക്കാനാകാത്തവിധം സത്യത്തിന്റെ സൂര്യവെളിച്ചത്തിലേക്കാണ് അവര്‍ പിടിച്ചിറക്കപ്പെട്ടിരിക്കുന്നത്. ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്ത് രാജ്യത്തുതന്നെ ഇതാദ്യമാണെന്നിരിക്കെ ഉടുതുണി നഷ്ടപ്പെട്ടയാളുടെ ജാള്യതയിലാണ് പിണറായി സര്‍ക്കാര്‍. ഇന്നലെ രാജ്യത്തെ സാമ്പത്തിക കുറ്റാന്വേഷണ സ്ഥാപനമായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാനത്തെ ഏറ്റവുംമുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാളും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതിലൂടെ കേരളത്തിന്റെ ഇത:പര്യന്തമുള്ള പുരോഗമനോല്‍കര്‍ഷയും രാഷ്ട്രീയ ധാര്‍മികതയുമെല്ലാം ഒറ്റയടിക്ക് അറബിക്കടലിലെറിയപ്പെട്ടിരിക്കുകയാണ്. മൂന്നര മാസത്തോളം സര്‍ക്കാരും മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍സെക്രട്ടറിയും സി.പി.എമ്മും പറഞ്ഞുകൊണ്ടിരുന്നതെല്ലാം ഇനി ജനം വിശ്വസിക്കണമെങ്കില്‍ അവരെല്ലാം സി.പി.എമ്മിന്റെ രാഷ്ട്രീയ അടിമകളോ സാമാന്യബുദ്ധിയില്ലാത്തവരോ ആവണം. പ്രബുദ്ധ ജനതയെ ഇനിയും പറ്റിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ രാജിവെച്ച് പുതിയ ജനവിധിയിലേക്ക് പോകുന്നതാണ് സംസ്ഥാനത്തിനും സി.പി.എമ്മിനും നല്ലത്.
ഓരോതരം മുടന്തന്‍ കാരണങ്ങള്‍ പറഞ്ഞ് മുടക്കിക്കൊണ്ടിരുന്ന അറസ്റ്റാണ് ഇന്നലെ ഹൈക്കോടതിയുടെ ഉത്തരവിലൂടെ നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. ആദ്യം ഒക്ടോബര്‍ 23വരെയും പിന്നീട് ഇന്നലെവരെയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് നല്‍കിയ ഉത്തരവ് ഇന്നലെ അസ്ഥിരപ്പെടുത്തുകയും ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാലത് കുറ്റാന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇതിനര്‍ത്ഥം ഇ.ഡിയും കസ്റ്റംസും എന്‍.ഐ.എയും കഴിഞ്ഞ കുറെ നാളുകളായി നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തിലെ വിവരങ്ങളെല്ലാം കോടതി പ്രഥമദൃഷ്ട്യാ ശരിവെച്ചിരിക്കുന്നുവെന്നാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറി എന്ന നിലയില്‍ കേവല ഉദ്യോഗസ്ഥനപ്പുറമുള്ള അടുത്തബന്ധം പിണറായി വിജയനും ശിവശങ്കറും തമ്മിലുണ്ടായിരുന്നുവെന്നത് പരിഗണിക്കുമ്പോള്‍ ഈ കസ്റ്റഡി മഞ്ഞുമലയുടെ ഒരറ്റമാണെന്ന് സമ്മതിക്കേണ്ടിവരും. മുഖ്യമന്ത്രി നാളിതുവരെ പറഞ്ഞുകൊണ്ടിരുന്നതെല്ലാം ശുദ്ധ തട്ടിപ്പാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടില്‍ അദ്ദേഹത്തിന് പരോക്ഷമായ പങ്കുണ്ടെന്നും ജനത്തിന് സംശയിക്കേണ്ട അവസ്ഥയെത്തിയിരിക്കുന്നു. ‘കള്ളന് കഞ്ഞിവെച്ചവനെ’ന്നെങ്കിലും തെളിഞ്ഞിരിക്കുന്നുവെന്നര്‍ത്ഥം. ഇത് തിരിച്ചറിയാനുള്ള വിവേകം പിണറായി വിജയന്‍ പ്രകടിപ്പിക്കുമെന്നുതന്നെയാണ് സാമാന്യമായി തോന്നുന്നത്. എന്നാല്‍ കഷ്ടിച്ച് ആറു മാസം മാത്രമുള്ളപ്പോള്‍ കള്ളക്കടത്തുകേസില്‍ പ്രതിക്കൂട്ടിലകപ്പെട്ട് രാജിവെച്ചൊഴിയുന്ന ലജ്ജാകരമായ അവസ്ഥയോര്‍ത്ത് പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആ ധാര്‍മികത മറന്നുകളയുമെന്നുതന്നെയാണ് ധരിക്കേണ്ടത്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നും തന്നെ കുടുക്കാമെന്ന പൂതി മനസ്സിലിരിക്കട്ടെയെന്നും പൊതു സമൂഹത്തോട് വിളിച്ചുപറഞ്ഞ പിണറായി വിജയന് ഇനിയുള്ള കാലമെങ്കിലും അധികാരക്കസേരയില്‍ ഒന്നമര്‍ന്നിരിക്കാന്‍ കൊതിതോന്നുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രം. എന്നാല്‍ അതിലൂടെ അദ്ദേഹവും സി.പി.എം നേതൃത്വവും ചെയ്യുന്നത് ജനങ്ങളോടുള്ള കൊടിയ വഞ്ചനയാണെന്ന് ദയവായി മറക്കരുത്. ലൈഫ് മിഷന്‍ ഇടപാടില്‍ സി.ബി.ഐയെ ഭയന്ന് വിജിലന്‍സ് കേസെടുത്തിട്ടും ഇതുവരെയും ശിവശങ്കറിനെ ചോദ്യം ചെയ്യാതിരിക്കുകയും ഒരൊറ്റ കേസുപോലും സ്വന്തമായി രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും ചെയ്ത സര്‍ക്കാരാണിത്. കടത്തിയ സ്വര്‍ണം സി.പി.എമ്മുകാര്‍ക്കാണ് എത്തിപ്പെട്ടതെന്നുകൂടി തെളിഞ്ഞിട്ടും അനങ്ങാതിരുന്ന ആഭ്യന്തര വകുപ്പും.
സ്പ്രിംകഌ ഡാറ്റാഇടപാടുമായി ബന്ധപ്പെട്ട് വിദേശ ഏജന്‍സിയുമായി സര്‍ക്കാര്‍ രഹസ്യമായി കരാറുണ്ടാക്കിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ഐ.ടി വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ പറഞ്ഞത്, അത് ആ വകുപ്പിലെ ആളുകളോട് ചോദിക്കണമെന്നായിരുന്നു. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറെ സമീപിച്ചപ്പോള്‍ താനാണ് കരാറിന് ഉത്തരവാദിയെന്ന് പറഞ്ഞ് കരാറിനെയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സി.പി.എമ്മിനെയും വരെ ന്യായീകരിക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. അതിനുമുമ്പുതന്നെ പഠനകാലം മുതല്‍ ശിവശങ്കറിന് സി.പി.എം രാഷ്ട്രീയവുമായി അടുത്ത ബന്ധമുള്ളതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് പിടികൂടപ്പെട്ടപ്പോള്‍ ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ ചെയ്തത് ആരാണെന്നതിന്റെ തെളിവുകൂടിയാണ് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്‌നസുരേഷിന് പൊതുമേഖലാജോലിയും സ്വര്‍ണക്കടത്തും അതിലൂടെ ലഭിക്കുന്ന പണം ഒളിപ്പിക്കാന്‍ സൗകര്യവും ചെയ്തുകൊടുത്തെന്ന് മാത്രമല്ല, പലതവണ അവരുമായി വിദേശയാത്ര ചെയ്തതും കേരളത്തിന്റെ അഭിമാനമായ ലൈഫ്ഭവന പദ്ധതിയെ അഴിമതിക്കുള്ള മാര്‍ഗമാക്കിയതുമെല്ലാം ഉന്നതങ്ങളിലേക്കാണ് ഈ ബന്ധം ചെന്നെത്തുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് തനിക്ക് വ്യവസായ വകുപ്പിന്റെ സ്‌പേസ് പാര്‍ക്കില്‍ രണ്ടര ലക്ഷം രൂപ മാസ വരുമാനത്തില്‍ ജോലി ലഭിച്ചത് എന്ന് സ്വപ്‌ന വ്യക്തമാക്കിയിരിക്കവെ മുഖ്യമന്ത്രിയുടെ പങ്കാളിത്തം കൂടിയേ ഇനി അറിയേണ്ടതുള്ളൂ. അതിന് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തക്ക വിവരങ്ങള്‍ വരുംനാളുകളില്‍ ശിവശങ്കറില്‍നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുമ്പ് സോളാര്‍ കേസില്‍ യാതൊരു തെളിവുമില്ലാഞ്ഞിട്ടും ഉമ്മന്‍ചാണ്ടിക്കെതിരെ സംസ്ഥാനത്തൊട്ടാകെ രാപ്പകല്‍ സമരവും സെക്രട്ടറിയേറ്റ് പടിക്കല്‍ കിടപ്പുസമരവും നടത്തിയവര്‍ക്ക് കാലംകൊടുത്ത ശിക്ഷയാണ് ശിവശങ്കറിലൂടെ പിണറായി വിജയനും സി.പി.എമ്മും ഇപ്പോള്‍ അനുഭവിക്കുന്നത്. രോഗം നടിച്ചും വ്യാജ ചികില്‍സക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒത്താശ ചെയ്തും പരമാവധി പിടിച്ചുനിന്ന സെക്രട്ടറിക്കും അദ്ദേഹത്തിന്റെ ‘ഗോഡ്ഫാദറി’നും ഇനിയെങ്കിലും ജനങ്ങളോട് സത്യംതുറന്നു പറയാനുള്ള ഉത്തരവാദിത്തമുണ്ട്. അല്ലെങ്കില്‍ പുരോഗമന കേരളത്തിന്റെ മുഖ്യമന്ത്രിക്കും ശിവശങ്കറിന്റെ ഗതിവന്നേക്കും. അതുണ്ടാകുമോ എന്നാണ് ജനമിപ്പോള്‍ സാകൂതം കാതോര്‍ത്തിരിക്കുന്നത്.