സുഫ്‌യാന്‍ അബ്ദുസ്സലാം

സംവരണ സമുദായങ്ങളുടെ കഞ്ഞിയില്‍ കൈയിട്ടുവാരി അവിഹിതമായി സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് പങ്ക് നല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സാമ്പത്തിക സംവരണമെന്ന പേരില്‍ ഭരണഘടനപോലും അംഗീകരിച്ചിട്ടില്ലാത്ത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംവരണ സമുദായങ്ങളെ ബാധിക്കാതെ നോക്കുക എന്ന സാമാന്യ മര്യാദ സര്‍ക്കാര്‍ പാലിക്കേണ്ടതായിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച 48 ശതമാനം സംവരണം കഴിച്ച് ബാക്കി വരുന്ന 52 ശതമാനത്തില്‍നിന്ന് നടപ്പാക്കേണ്ടിയിരുന്നത് മൊത്തം എണ്ണത്തില്‍നിന്നും നടപ്പാക്കിക്കൊണ്ട് സാമുദായിക സംവരണത്തിന്റെ കടക്കല്‍ കത്തിവെച്ചിരിക്കുകയാണ്. സി.പി.എമ്മും ഇടതുപക്ഷവും ഇക്കാലമത്രയും ഈ വിഷയത്തില്‍ പുലര്‍ത്തിയ നിലപാടുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇപ്പോഴെടുത്ത നടപടിയുടെ പിന്നിലുള്ള കള്ളക്കളിയുടെ യാഥാര്‍ഥ്യം ബോധ്യമാകും.
സംവരണത്തിന്റെ അടിസ്ഥാനതത്വം ഭരണഘടനയുടെ അനുച്ഛേദം 15(4) ല്‍ വളരെ വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ അഭിവൃദ്ധിക്ക്‌വേണ്ടി പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദമാണത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ മതിയായ പ്രാതിനിധ്യം ഇതുവരെ ആയിട്ടില്ലാത്ത പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി സംവരണം ഏര്‍പ്പെടുത്തണമെന്ന് അനുച്ഛേദം 16(4) ലും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വരേണ്യവര്‍ഗങ്ങള്‍ കൈയടക്കി വെച്ചിരുന്ന ഉദ്യോഗ, ഭരണ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിശ്ചിത ശതമാനം സംവരണം നിശ്ചയിച്ചത് സാമൂഹിക സന്തുലിതത്വം ഉറപ്പുവരുത്തുന്നതിന്‌വേണ്ടിയായിരുന്നു. ഇതറിയാത്തവരല്ല കേരളത്തിലെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് വിഭാഗങ്ങളും അവരുടെ കൂട്ടാളികളും.
ഭരണഘടന അനുശാസിക്കുന്ന സംവരണത്തോടുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമീപനമാണ് ആദ്യമായി പരിശോധിക്കപ്പെടേണ്ടത്. ജാതി മേധാവിത്വത്തിന്റെ ഭാഗമായി ഉണ്ടായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജാതി സംവരണം വേണമെന്നകാര്യം കമ്യൂണിസ്റ്റുകാര്‍ സമ്മതിക്കുന്നുണ്ടെങ്കിലും അതില്‍മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ല എന്നും സാമ്പത്തിക സ്ഥിതികൂടി പരിഗണിക്കേണ്ടതുണ്ടെന്നുമാണ് സി.പി.എം ആദ്യകാലംമുതലേ വാദിച്ചുകൊണ്ടിരിക്കുന്നത്. സംവരണവുമായി ബന്ധപ്പെട്ടുവന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഇ.എം.എസ് നമ്പൂതിരിപ്പാട് നല്‍കിയ മറുപടികളില്‍ ഇക്കാര്യം വളരെ വ്യക്തമാണ്. അദ്ദേഹം പറയുന്നു: ‘മുതലാളിത്ത വളര്‍ച്ച മൂലമുണ്ടാകുന്ന ദാരിദ്ര്യത്തിന്റെ സന്തതിയായ അവശതകള്‍ക്കും പിന്നോക്കാവസ്ഥക്കും ഇത് (ജാതി സംവരണം) പരിഹാരമല്ല. പക്ഷെ മുതലാളിത്ത വളര്‍ച്ചയുടെ അനിവാര്യഫലമായി തന്നെ പിന്നോക്കജാതികളില്‍നിന്ന് ചെറുന്യൂനപക്ഷമാണെങ്കിലും ഒരു വരേണ്യവര്‍ഗം ഉയര്‍ന്നുവരുന്നു. നേരെമറിച്ച് മുന്നോക്കജാതികളില്‍പെട്ട പതിനായിരങ്ങള്‍ ദരിദ്രവിഭാഗങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു.’ (ഇ.എം.എസ് സമ്പൂര്‍ണ്ണ കൃതികള്‍, സഞ്ചിക 60 പേജ് 283). സാമൂഹിക പിന്നാക്കാവസ്ഥയെ സാമ്പത്തികമായ പിന്നാക്കാവസ്ഥയുമായി കൂട്ടിക്കെട്ടി സംവരണത്തെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയാക്കി ദുര്‍വ്യാഖ്യാനിക്കാനാണ് ഇ.എം.എസ് ശ്രമിച്ചത്. മറ്റൊരു പ്രശ്‌നം ജാതീയതയുടെ അസ്തിത്വത്തെ അംഗീകരിക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ്. ശ്രീനാരായണഗുരു അടക്കമുള്ള ജാതീയതയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിരുന്ന മഹത്തുക്കള്‍ ജാതീയത എന്ന നിലനില്‍ക്കുന്ന വസ്തുതയെ അംഗീകരിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രശില്‍പികള്‍ സാമുദായിക സംവരണം കൊണ്ടുവന്നത്തന്നെ ജാതീയത ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിക്കൊണ്ട് അതിനെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗമായാണ്. എന്നാല്‍ കമ്യൂണിസ്റ്റുകള്‍ക്ക് പൊതുവില്‍ തൊഴിലാളി, മുതലാളി എന്നീ രണ്ടു ക്ലാസ്സുകള്‍ക്കപ്പുറം ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ട് നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്പകരം മാര്‍ക്‌സിയന്‍ വരട്ടു തത്വശാസ്ത്രങ്ങളില്‍ കണിശമായി അവലംബിച്ച് സിദ്ധാന്തങ്ങള്‍ പറയുക മാത്രമായിരുന്നു അവരുടെ ശൈലി.
ഇങ്ങനെയുള്ള സൈദ്ധാന്തിക പിരിമുറുക്കങ്ങളെ അഭിജാത സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റാന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ തന്ത്രപൂര്‍വം പരിശ്രമിച്ചതായി കാണാം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പലപ്പോഴും സാമുദായിക സംവരണത്തില്‍ വെള്ളം ചേര്‍ക്കാനും സാമ്പത്തിക സംവരണം കൊണ്ടുവരാനുമുള്ള ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചതില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും വലിയ പങ്കുണ്ടായിരുന്നു. ഭോഗേന്ദ്ര ഝാ (സി.പി.ഐ), സോമനാഥ് ചാറ്റര്‍ജി (സി.പി.എം) തുടങ്ങിയവര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാടെടുത്തവരായിരുന്നു. ‘നോ മണ്ഡല്‍, നോ കമണ്ഡല്‍, ഇങ്ക്വിലാബ് സിന്താബാദ്’ എന്നായിരുന്നു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അന്ന് ക്യാമ്പസുകളില്‍ വിളിച്ചിരുന്ന മുദ്രാവാക്യം. സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിച്ചിരുന്ന സമുദായങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുവേണ്ടി ആവിഷ്‌കരിക്കപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഹിന്ദുത്വവുമായാണ് അവര്‍ താരതമ്യം ചെയ്തിരുന്നതെന്ന് ‘കമണ്ഡല്‍’ (ഹിന്ദുത്വം) എന്ന പ്രയോഗത്തിലൂടെ മനസ്സിലാക്കാം. സാമ്പത്തിക സംവരണം ഉള്‍പ്പെടുത്താത്തതിനാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സി.പി.എം നേതാവ് ജ്യോതി ബസു അന്ന് വി.പി സിങിന് കത്തയച്ചിരുന്നു. മണ്ഡല്‍ റിപ്പോര്‍ട്ട് പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് ജ്യോതി ബസു പ്രഖ്യാപിക്കുകയും ചെയ്തു. എല്‍.കെ അദ്വാനിയുടെ ആഹ്വാനപ്രകാരം എ.ബി.വി.പി ക്യാമ്പസുകളില്‍ സാമ്പത്തിക സംവരണത്തിനായി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു എന്നതും ഇതിനോടൊപ്പം വായിക്കേണ്ടതുണ്ട്.
ജാതിവ്യവസ്ഥയുടെ ഭാഗമായി ഉണ്ടായ സാമൂഹിക പിന്നാക്കാവസ്ഥ വലിയ പ്രശ്‌നമായി സി.പി.എം കാണുന്നില്ല. ഇ.എം.എസ് എഴുതിയത് ഇങ്ങനെയാണ്: ‘സിപിഐഎം അടക്കമുള്ള ഇടതുപക്ഷക്കാരാകട്ടെ സാമൂഹികനീതിയെ കാണുന്നത് ധനികദരിദ്ര വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ്. മേല്‍ജാതിക്കാര്‍ക്കെതിരായ കീഴ്ജാതിക്കാരുടെ സമരത്തെപ്പോലും ഉള്ളവര്‍ക്കെതിരായി ഇല്ലാത്തവര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകാര്‍ കാണുന്നത്.’ (ഇ.എം.എസ്, ചിന്ത വാരിക 12-04-1991). ജാതി സംവരണത്തിനു എതിരല്ല എന്നും ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം ജാതിസംവരണം അനിവാര്യമാണെന്നും സി.പി.എം പറയുമ്പോഴും ഒടുവില്‍ സാമ്പത്തിക സംവരണത്തിലാണവര്‍ എത്തിച്ചേരാറുള്ളത്. ഇ.എം.എസ് പറയുന്നു: ‘പക്ഷെ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പും നടന്ന മുതലാളിത്ത വളര്‍ച്ചയുടെ ഫലമായി പിന്നോക്കവിഭാഗങ്ങളില്‍ നിന്നൊരു വിഭാഗം പണം കൊണ്ടും അധികാര സ്ഥാനലബ്ധി കൊണ്ടും മറ്റും പ്രമാണിമാരായിത്തീര്‍ന്നിട്ടുണ്ട്. നേരെമറിച്ച്, മുന്നോക്കവിഭാഗങ്ങളില്‍പെട്ട പാവപ്പെട്ടവര്‍ പിന്നോക്കക്കാരായി തുടരുകയാണുതാനും’. (ചിന്ത വാരിക 2-4-1993).
ജാതി സംവരണത്തില്‍ മൂന്നു മാറ്റങ്ങള്‍ വേണമെന്നാണ് സി.പി.എം നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതിങ്ങനെ സംഗ്രഹിക്കാം. 1) അവശജാതിക്കാര്‍ക്കുള്ള സംവരണം ജാതിയുടെ അടിസ്ഥാനത്തില്‍തന്നെ തുടരുക. 2) സംവരണാനുകൂല്യം ലഭിക്കുന്ന സമുദായങ്ങളില്‍പെട്ട കീഴ്ത്തട്ടുകാരില്‍നിന്ന് അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വരുന്നില്ലെങ്കില്‍ മേല്‍ത്തട്ടുകാര്‍ക്ക് നല്‍കണം. 3) മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് മൊത്തം ഉദ്യോഗത്തിന്റെ പത്ത് ശതമാനം നല്‍കണം. (ഇ.എം.എസ് ചിന്ത വാരിക 14-03-1997). രണ്ടാമത്തെ നിര്‍ദ്ദേശത്തില്‍ കീഴ്ത്തട്ടുകാരില്‍ അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാഞ്ഞിട്ടല്ല, അവരെ കണ്ടെത്താനും അവരെ ഉദ്യോഗങ്ങളിലേക്ക് എത്തിക്കാനുമുള്ള ശ്രദ്ധയും ജാഗ്രതയും വേണ്ടപ്പെട്ടവര്‍ കാണിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട്തന്നെ രണ്ടാമത്തെ നിര്‍ദ്ദേശം സി.പി.എമ്മിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. മൂന്നാം നിര്‍ദ്ദേശത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ സംവരണ ശതമാനത്തെ ഒഴിവാക്കിക്കൊണ്ട് ‘ജനറല്‍’ വിഭാഗത്തില്‍നിന്ന് റിക്രൂട്ട്‌ചെയ്യണം എന്ന് പറയുന്നതിന് പകരം ‘മൊത്തം ഉദ്യോഗത്തിന്റെ’ എന്നാണ് ഇ.എം.എസ് എഴുതിവെച്ചത്. ഇതാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചപ്പോള്‍ മുഖ്യമന്ത്രി ഔദ്യോഗിക വെബ്‌സൈറ്റില്‍ എഴുതിവെച്ചത് ഇങ്ങനെ: ‘പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍നിന്നാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്.’ പക്ഷെ നടപ്പാക്കിയത് പിണറായി എഴുതിവെച്ചതല്ല, ഇ.എം.എസ് പണ്ട് രേഖപ്പെടുത്തിവെച്ച ‘മൊത്തം ഉദ്യോഗത്തിന്റെ’ എന്ന നയമാണ്.
കേരളപ്പിറവിക്ക്‌ശേഷം ആദ്യമായി നിലവില്‍വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ ചെയ്തത് എന്തായിരുന്നുവെന്ന് പരിശോധിക്കുമ്പോഴാണ് സംവരണ വിഷയത്തിലുള്ള കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ ബോധ്യപ്പെടുക. മുഖ്യമന്ത്രി ഇ.എം.എസ് അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കമ്യൂണിസ്റ്റ് അജണ്ടകളെ അനാവരണം ചെയ്തത്. സാമുദായിക സംവരണം ജാതി ചിന്തയെ ശാശ്വതീകരിക്കുമെന്നും കൂടുതല്‍ സമുദായങ്ങള്‍ സംവരണ മുറവിളിയുമായി രംഗത്തുവരുമെന്നും സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത കുറയുമെന്നും അഭിപ്രായപ്പെട്ട റിപ്പോര്‍ട്ട് സാമുദായിക സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയില്‍തന്നെ ആദ്യമായിട്ട് ഒരു സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം നിര്‍ദ്ദേശിച്ചത് കേരളത്തിലെ ഒന്നാം കമ്യൂണിസ്റ്റ് ഗവണ്‍മെന്റായിരുന്നു. സിവില്‍ സര്‍വീസില്‍ സംവരണതത്വം പാലിക്കാതെ 60 ശതമാനം തസ്തികകളില്‍ നേരിട്ട് നിയമനം നടത്താനാണ് ഈ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നത്. സാമുദായിക സംവരണത്തിലൂടെ സിവില്‍ സര്‍വീസില്‍ നിയമനം നടത്തിയാല്‍ അതുകൊണ്ട് പ്രയോജനം ലഭിക്കില്ല എന്നാണ് കമ്മിറ്റി അഭിപ്രായപ്പെട്ടത്. അതായത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് കഴിവുള്ളവരെ കിട്ടുകയില്ലെന്നും സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് മാത്രമേ ഉയര്‍ന്ന തസ്തികകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കൂ എന്നൊക്കെയായിരുന്നു കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നത്.
ഇ.എം.എസിന്റെ ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോര്‍ട്ടിനെ കേരള നിയമസഭയില്‍ ശക്തിയുക്തം എതിര്‍ത്തത് സി.എച്ച് മുഹമ്മദ്‌കോയയായിരുന്നു. റിപ്പോര്‍ട്ടിന്റെ 151ാം പേജില്‍ 98ാം നിര്‍ദ്ദേശത്തിലെ പരാമര്‍ശം ഇങ്ങനെയായിരുന്നു: ‘ഠവലൃല വെീൗഹറ യല ിീ ൃലലെൃ്മശേീി ളീൃ യമരസംമൃറ രഹമലൈ െശി റശൃലര േൃലരൃൗശാേലി.േ ഞലലെൃ്മശേീി ളീൃ രെവലറൗഹലറ രമേെല െമിറ േൃശയല ൊമ്യ, വീംല്‌ലൃ, രീിശേിൗല. (പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യമില്ല. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളത് തുടരാം). സി.എച്ച് പറഞ്ഞു: ‘ഈ വാചകം റിപ്പോര്‍ട്ടിന്റെ മൂലയിലിരിക്കുന്നിടത്തോളം കാലം ഈ റിപ്പോര്‍ട്ടിനെതിരായി തുടരെത്തുടരെ തുരുതുരെ ഞങ്ങള്‍ വെടിവെച്ചുകൊണ്ടിരിക്കുമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.’ (ജൃീരലലറശിഴ െീള ഗലൃമഹമ ഘലഴശഹെമശേ്‌ല അലൈായഹ്യ ഢീഹ. ഢകചീ. 8 ജമഴല 723). തുടര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഇവിടെ ഉന്നയിച്ച മറ്റൊരു വാദഗതി പാവങ്ങളെയും പണക്കാരെയും സംബന്ധിച്ചുള്ളതാണ്. എല്ലാ സമുദായങ്ങളിലും ഈ രണ്ടു കൂട്ടരെയും കാണാമെന്നും എല്ലാ സമുദായത്തിലുമുള്ള പാവങ്ങള്‍ക്ക് മാത്രമാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നുമാണ് ആ വാദത്തിന്റെ ചുരുക്കം…. പണക്കാര്‍ക്ക് എന്തിനാണ് ഉദ്യോഗം? എന്തിനാണ് റിസര്‍വേഷന്‍? അതൊക്കെ പാവങ്ങള്‍ക്കല്ലേ വേണ്ടത് എന്ന് ചോദിക്കുന്നവരുണ്ട്. അതുകേട്ടാല്‍ കൊള്ളാവുന്ന ഒരാശയമാണ് (എന്ന് തോന്നും). ഈ പറയുന്നവര്‍ പാവങ്ങള്‍ക്ക്‌വേണ്ടി നിലകൊള്ളുന്നു എന്നൊരു പ്രശസ്തി എളുപ്പത്തില്‍ ലഭിക്കും. നല്ലതുതന്നെ. പക്ഷെ ഇവിടെ അത് പ്രസക്തമല്ല. കമ്യൂണിസ്റ്റ് പക്ഷത്തുള്ള നല്ല ഒരു നിയമജ്ഞനാണെന്നു കരുതിപ്പോരുന്ന ഈശ്വരയ്യര്‍ ഇതിനെ സംബന്ധിച്ച് ഒരു ലേഖനം എഴുതിയത് ഞാന്‍ വായിക്കുകയുണ്ടായി. പിന്നാക്ക സമുദായക്കാരുടെ പ്രാതിനിധ്യത്തെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവരെന്നോ പണക്കാരനെന്നോ നോക്കുന്നത് ഭരണഘടനാപരമായി ശരിയല്ല എന്ന് അദ്ദേഹം അതില്‍ പറഞ്ഞിട്ടുണ്ട്.’ (പേജ് 725).
ദരിദ്രര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നതിനെ സാമുദായിക സംവരണത്തിന്‌വേണ്ടി വാദിക്കുന്ന പ്രസ്ഥാനങ്ങള്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. പക്ഷേ, അത് നല്‍കുന്നത് സംവരണ ശതമാനത്തില്‍ നിന്നായിരിക്കരുത് എന്ന് മാത്രമാണ് പറഞ്ഞത്. സാമുദായിക സംവരണത്തിന് അവകാശമുള്ള വിഭാഗങ്ങളെ ബാധിക്കാതെ തന്നെ ദരിദ്രരെ സഹായിക്കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ കൊണ്ട്‌വരികയാണ് വേണ്ടത്. സി.എച്ച് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘പാവങ്ങളെയും പണക്കാരെയും കൂടി ഈ വകുപ്പുകളുമായി കൂട്ടിക്കുഴച്ചാല്‍ നിയമപരമായിതന്നെ വേണ്ടാത്ത കുഴപ്പങ്ങളെല്ലാം ഉണ്ടാകുന്നതായിരിക്കും. പാവപ്പെട്ടവരെ സംബന്ധിച്ചാണെങ്കില്‍ ഭരണഘടന 340ാം വകുപ്പനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക്‌വേണ്ടി സഹായം നല്‍കാന്‍ ഉത്തരവുകള്‍ പാസ്സാക്കുന്നതിനുള്ള അധികാരം ഗവര്‍മെന്റില്‍ നിക്ഷിപ്തമാണ്. അതനുസരിച്ച് ഗവര്‍മെന്റ് വേണ്ടത് ചെയ്തുകൊള്ളണം എന്നല്ലാതെ സാമുദായിക പ്രാതിനിധ്യവുമായി ആ പ്രശ്‌നം കൂട്ടിക്കുഴക്കരുത്.’ (പേജ് 725)
(തുടരും)