കെ. മൊയ്തീന്‍കോയ

ഡോണാള്‍ഡ് ട്രംപിന്റെ ‘ചാഞ്ചാട്ടം’ നയതന്ത്ര രംഗത്ത് സഖ്യരാഷ്ട്രങ്ങളിലും അസ്വസ്ഥത സൃഷ്ടിക്കുന്നു. ഏറ്റവും ഒടുവില്‍ ഉത്തര കൊറിയയുമായി നടത്താനിരുന്ന ഉച്ചകോടി അനിശ്ചിതത്വത്തിലാക്കിയതും ഇറാന്‍ ആണവ കരാറില്‍ നിന്നുള്ള പിന്‍മാറ്റവും സഖ്യ-സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന് വന്‍ പ്രതിസന്ധി ക്ഷണിച്ചുവരുത്തി. യൂറോപ്പുമായി നിരവധി തലങ്ങളില്‍ അകന്ന് കഴിയുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമായി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ നടത്തിയ ചര്‍ച്ച അവഗണിക്കേണ്ടതല്ല. അകല്‍ച്ച ഇനിയും വര്‍ധിക്കാനാണ് സാധ്യത. അമേരിക്കയുമായി ഉറ്റ സൗഹൃദം പുലര്‍ത്തിവന്ന നിരവധി രാഷ്ട്രങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭരണാധികാരികളെ ജനങ്ങള്‍ തിരസ്‌കരിച്ചതും രാഷ്ട്രാന്തരീയ തലത്തില്‍ ഗൗരവമേറിയ ചര്‍ച്ചയാണിപ്പോള്‍. ഹ്യൂഗോ ഷാവേസിന്റെ കാലം തൊട്ട് വെനിസ്വലയിലെ ഇടതുപക്ഷ സര്‍ക്കാറിനെ താഴെ ഇറക്കാന്‍ അമേരിക്ക നടത്തിയ കുതന്ത്രമൊന്നും ഷാവേസിന് ശേഷവും വിജയിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ആ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പില്‍ നിക്കോളാസ് മസൂറോയുടെ വിജയം. പ്രധാന പ്രതിപക്ഷ പാര്‍ട്ടി ബഹിഷ്‌കരിച്ചുവെങ്കിലും 18 രാഷ്ട്രീയ പാര്‍ട്ടികളില്‍ 14 പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിച്ചുവെന്നാണ് രാഷ്ട്രാന്തരീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എണ്ണ കയറ്റുമതിയില്‍ ലോകത്ത് ആറാം സ്ഥാനത്ത് നില്‍ക്കുന്ന വെനിസ്വലയെ സാമ്പത്തികമായി തകര്‍ക്കാനാണ് അമേരിക്ക ശ്രമിച്ചത്. എന്നാല്‍ ഷാവേസിന്റെ കരുത്തുറ്റ നേതൃത്വം അവസാനിച്ച് മഡൂറോവിന്റെ കാലമെത്തിയതിനാല്‍ അമേരിക്കന്‍ ശ്രമം വിജയം കാണുമെന്ന് സ്വപ്‌നം കണ്ടവര്‍ക്ക് കനത്ത പ്രഹരമാണ് ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് മഡൂറോ രണ്ടാമതും അധികാരത്തിലെത്തുന്നത്.
അമേരിക്കന്‍ പക്ഷത്ത് ശക്തമായി നിലകൊള്ളുന്ന രണ്ട് അറബ് രാജ്യങ്ങളിലും മലേഷ്യയിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ നിലവിലെ ഭരണകൂടങ്ങള്‍ക്ക് ജനവിധി കനത്ത പ്രഹരമേല്‍പ്പിച്ചു. ഇതില്‍ ഏറ്റവും ശ്രദ്ധേയം ഇറാഖി തെരഞ്ഞെടുപ്പാണ്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ മുന്നണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അമേരിക്കന്‍ അധിനിവേശത്തിനെതിരെ പോരാടിയ മുഖ്താദ അല്‍ സദ്‌റിന്റെ സഖ്യമാണ് പാര്‍ലമെന്റില്‍ ഏറ്റവും വലിയ കക്ഷി (54) അമേരിക്കന്‍ സൈന്യം ഇറാഖ് വിടണമെന്നാവശ്യപ്പെടുന്ന സദ്‌റിന്റെ സഖ്യം പാര്‍ലമെന്റില്‍ മേല്‍കൈ നേടിയ സാഹചര്യത്തില്‍ അമേരിക്കയുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടുമെന്ന് തീര്‍ച്ച. രണ്ടാം സ്ഥാനത്തുള്ള (47) അല്‍ അമീരിയുടെ ഫത്താ പാര്‍ട്ടിയെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സദര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റുമുട്ടല്‍ സാധ്യത ഒഴിവാക്കി, തന്റെ നയനിലപാടുകള്‍ നടപ്പാക്കാനാണത്രെ സദ്‌റിന്റെ നീക്കം. പ്രധാനമന്ത്രിയാകാന്‍ സദ്‌റിന് താല്‍പര്യമില്ല. അധിനിവേശ വിരുദ്ധ പോരാട്ടം ശക്തമായിരുന്ന ഘട്ടത്തില്‍ ഇറാനില്‍ അഭയം തേടിയിരുന്ന സദ്ര്‍ പക്ഷേ, ഇപ്പോള്‍ ഇറാന്‍ നേതൃത്വവുമായി അകല്‍ച്ചയില്‍ കഴിയുന്നു. ഈ ഷിയാ നേതാവിന്റെ അടുത്ത നീക്കത്തെ കാത്തിരിക്കുകയാണ് പാശ്ചാത്യശക്തികള്‍. സമീപഭാവിയില്‍ അധിനിവേശ ശക്തികള്‍ക്ക് ഇറാഖ് വിടേണ്ടിവരും. അറബ് രാഷ്ട്രമായ ലബനാനില്‍ അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളുടെയും വന്‍ പിന്തുണയുള്ള പ്രധാനമന്ത്രി സഅദ് അല്‍ ഹരീരിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടായി. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 128 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹരീരിയുടെ ഫ്യൂച്ചര്‍ മൂവ്‌മെന്റിന് 12 സീറ്റുകള്‍ നഷ്ടമായി. വന്‍ മുന്നേറ്റമുണ്ടാക്കിയത് അമേരിക്കയുടെ കടുത്ത ശത്രുക്കളായ ‘ഹിസ്ബുല്ല’ ആണ്. പാര്‍ലമെന്റില്‍ നിര്‍ണായക സ്വാധീനം അവര്‍ ഉറപ്പിച്ചു. ലബനാന്‍ ഭരണഘടന പ്രകാരം പാര്‍ലമെന്റില്‍ അംഗത്വം ലഭിച്ച കക്ഷികള്‍ക്കെല്ലാം മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കണം. മാത്രമല്ല, പ്രസിഡന്റ് ക്രിസ്ത്യന്‍ വിഭാഗത്തിനും പ്രധാനമന്ത്രി സുന്നി വിഭാഗത്തിനും സ്പീക്കര്‍ ഷിയാ വിഭാഗത്തിനുമായി നീക്കിവെച്ചതാണ്. ഹിസ്ബുല്ലയുമായി കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സഅദ് ഹരീരിക്ക് അവരുടെ സഹകരണം അനിവാര്യമാണ്. സുന്നി നേതാവ് എന്ന നിലയില്‍ ഹരീരിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിയുമെങ്കിലും സര്‍ക്കാറിന്റെ നിയന്ത്രണം ഷിയാ പക്ഷക്കാര്‍ക്കായിരിക്കും. അമേരിക്കയും ഇസ്രാഈലുമായി നിരന്തരം ഏറ്റുമുട്ടുന്ന ഹിസ്ബുല്ലയെ ലബനാന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല. 38 ലക്ഷം വോട്ടര്‍മാരാണ് ലബനാനില്‍. ലബനാന്‍ തെരഞ്ഞെടുപ്പില്‍ ഹിസ്ബുല്ല നേടിയ മേല്‍കൈ ഇസ്രാഈലിനെ അസ്വസ്ഥമാക്കുക സ്വാഭാവികം. ലബനാനിന്റെ രാഷ്ട്രീയ ഭാവി തെരഞ്ഞെടുപ്പിനു ശേഷവും അനിശ്ചിതത്വത്തിലാണ്. മുന്‍ കോളനിയായ ലബനാനില്‍ ഫ്രാന്‍സിന് വലിയ താല്‍പര്യങ്ങളുണ്ട്. അതോടൊപ്പം ഹിസ്ബുല്ലക്കെതിരായ അമേരിക്ക-ഇസ്രാഈല്‍ അച്ചുതണ്ടിന്റെ നിലപാടുകള്‍ കൂടിയാകുമ്പോള്‍ ഹരീരി ഭരണതലവനായിരുന്നാലും പിന്‍സീറ്റ് ഡ്രൈവിങ് ഉറപ്പ്. ഭരണകൂടത്തിലെ ഏറ്റുമുട്ടല്‍ ലബനാനെ സംഘര്‍ഷ മേഖലയാക്കും.
മലേഷ്യയില്‍ വ്യത്യസ്തമാണ് രാഷ്ട്രീയ അന്തരീക്ഷം. നേരത്തെ 22 വര്‍ഷം ഭരണം നടത്തിയ മഹാതീര്‍ മുഹമ്മദ് അറിയപ്പെടുന്ന അമേരിക്കന്‍ വിരുദ്ധനാണ്. ഇസ്‌ലാമിക രാഷ്ട്ര സംഘടനയുടെ (ഒ.ഐ.സി) തലവനായിരുന്ന ഘട്ടത്തില്‍ മഹാതീര്‍ പലപ്പോഴും അമേരിക്കയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. 1981ലാണ് സ്ഥാനം ഒഴിഞ്ഞ് അബ്ദുല്ല ബദാവിയെ അധികാരം ഏല്‍പ്പിച്ചത്. ലോകത്ത് ഏറ്റവും പ്രായമേറിയ ഭരണതലവന്‍ എന്ന ഖ്യാതിയോടെ 92-ാം വയസ്സില്‍ അധികാരത്തിലെത്തിയ മഹാതീറിന്റെ ജനസമ്മതി ശ്രദ്ധേയമാണ്. 1957ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം മലേഷ്യയില്‍ ആദ്യമായാണ് ഭരണമാറ്റം. പ്രധാനമന്ത്രി നജീബ് റസാഖിന്റെ നേതൃത്വത്തിലുള്ള ‘ബാരിസണ്‍ നാഷനല്‍ സഖ്യ’ ത്തിന് 79 സീറ്റ് മാത്രം ലഭിച്ചപ്പോള്‍ 222 അംഗ പാര്‍ലമെന്റില്‍ മഹാതീറിന്റെ പകാതന്‍ ഹാരവന്‍ സഖ്യത്തിന് 113 സീറ്റുകള്‍ ലഭിച്ചു.
ഡോണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കയുമായി സുഹൃദ് രാഷ്ട്രങ്ങള്‍ (സൗഹൃദം തുടരുന്ന ഭരണതലവന്‍ ഓരോന്നായി താഴെയിറങ്ങുന്നു) അകന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം ഇറാന്‍ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനത്തോടെ കരാറിന്റെ ഭാഗമായി മറ്റൊരു രാഷ്ട്രവും യോജിച്ചില്ല. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താനിരുന്ന ഉച്ചകോടിയില്‍ നിന്നുള്ള പിന്‍മാറ്റം ലോകത്തെ ഞെട്ടിച്ചു. ഉച്ചകോടി അതേദിവസം നടത്താമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറയുന്നത്. ദിവസവും നിമിഷവും നിലപാട് മാറ്റുന്ന ചാഞ്ചാട്ടക്കാരനായൊരു രാഷ്ട്രത്തലവനെ ആരാണ് വിശ്വസിക്കുക? പാരീസ് കാലാവസ്ഥ കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്‍മാറി നടത്തിയ ജല്‍പനങ്ങള്‍ ഇന്ത്യക്കും ചൈനക്കും എതിരായിരുന്നു.
ഇറാന്‍ ആണവ കരാര്‍ 2015ല്‍ ഒപ്പുവെച്ചപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ പൂര്‍ണ മനസ്സോടെ അംഗീകരിച്ചു. ട്രംപിന്റെ മുന്‍ഗാമി ബറാക് ഒബാമ തന്നെ ഇപ്പോഴത്തെ നീക്കത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു. ഇറാനോട് ശത്രുതയുള്ള ചില രാജ്യങ്ങള്‍ മാത്രമേ ട്രംപിനെ അനുകൂലിക്കാന്‍ തയാറായിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്. കരാറില്‍ ഉറച്ചുനില്‍ക്കാന്‍ യൂറോപ്യന്‍ യൂണിയനും റഷ്യയും ചൈനയും തയാറായതില്‍ വലിയ പ്രതിസന്ധി പെട്ടെന്നുണ്ടാകില്ല. എന്നാല്‍ കരാര്‍ തകര്‍ന്ന് ഇറാന്‍ ആണവായുധത്തിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോയാല്‍ ഉത്തരവാദിത്വം അമേരിക്കക്ക് ആയിരിക്കും. സൈനിക-സാമ്പത്തിക ബലത്തിന്റെ ഹുങ്കില്‍ എതിരാളികളെ വരുതിയില്‍ നിര്‍ത്താമെന്ന ട്രംപിന്റെ ധാര്‍ഷ്ട്യം ലോക സമൂഹം തള്ളിക്കളയുന്നു. യുക്തിഭദ്രമല്ലാത്ത നിലപാടിലൂടെ രാഷ്ട്രാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന നീക്കങ്ങള്‍ ലോകം അവജ്ഞയോടെ അവഗണിക്കും.