കോഴിക്കോട്: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നാളെ കേരളം സന്ദര്‍ശിക്കുകയാണ്. ലക്ഷ്യം സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളടക്കമുള്ള സംഘര്‍ഷങ്ങള്‍ വിലയിരുത്താനും തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹകിന്റെ വീടു സന്ദര്‍ശിക്കലുമാണ്. കേരളം കലാപ ഭൂമിയായി മാറിയെന്നും ക്രമസമാധാനം പാടെ തകര്‍ന്നെന്നും ആരോപിച്ച് രാഷ്ട്രപതി ഭരണത്തിന് ആര്‍.എസ്.എസ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം.

കേരളത്തിനെതിരെ ദേശീയ തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങളുടെ ഭാഗമായി വേണം ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തേയും കാണാന്‍. തങ്ങള്‍ക്ക് വേരോട്ടമില്ലാത്തിടത്ത് അധികാരം നേടിയെക്കുക എന്ന ലക്ഷ്യമാണ് രാഷ്ട്രപതി ഭരണത്തിന് വേണ്ടിയുള്ള മുറവിളികളിലൂടെ ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നതും. ഈ സാഹചര്യത്തില്‍ കേരളത്തിലെത്തുന്ന ജെയ്റ്റ്‌ലിയോട് ചില ചോദ്യങ്ങള്‍ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

അരുണ്‍ ജെയിറ്റിലിക്ക് സുസ്വാഗതം. ഇല്ലാത്ത സമയം ഉണ്ടാക്കി എന്തിനാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. എങ്കിലും, നിങ്ങള്‍ ദില്ലിയില്‍ നിന്ന് തീരുമാനിച്ചുറപ്പിച്ച് കൊണ്ടുവരുന്നതൊക്കെ ആദ്യം പറയൂ. അതിന് ശേഷം ഞങ്ങള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം..#JaitelyShouldAnswer

1. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഏറ്റവുമധികം ഇരയായത് ഇടതുപക്ഷക്കാരോ സംഘപരിവാറുകാരോ?
2. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതിന് ശേഷം ആദ്യത്തെ അക്രമം നടത്തിയത് സംഘപരിവാറോ സിപിഐഎമ്മോ?
3. ക്രമസമാധാന നിലയുടെ കാര്യത്തില്‍ ‘നിങ്ങളുടെ’ യുപിയും രാജസ്ഥാനും മധ്യപ്രദേശും കേരളത്തേക്കാള്‍ മുന്നിലാണോ?
4. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഫൈസലിനെയും റിയാസ് മൌലവിയെയും ആര്‍എസ്എസ് കൊന്നത് എന്തിനാണ്?
5. രണ്ട് മാസം കൊണ്ട് സമാധാനം തകര്‍ന്നുലഞ്ഞ യുപിയില്‍ രാഷ്ട്രപതി ഭരണം വേണോ?
6. വര്‍ഗീയ കലാപങ്ങളുടെ കണക്കില്‍ കേരളത്തേക്കാള്‍ പിന്നിലുള്ള ഏതെങ്കിലും നാട് ഇന്ത്യയിലുണ്ടോ?
7. ഐപി ബിനുവിനെ സസ്‌പെന്റ് ചെയ്ത സിപിഐഎമ്മിനെ പോലെ രാഹുലിനെ കല്ലെറിഞ്ഞ യുവമോര്‍ച്ചാ നേതാവിനോട് നിലപാട് ഇല്ലാത്തത് എന്ത്?
8. ജോസഫിന്റെ കൈവെട്ടിയത് സിപിഐഎമ്മാണെന്ന് ലോക്‌സഭയില്‍ കള്ളം പറഞ്ഞത് എന്തിനാണ്?
9. ദലിതര്‍ക്ക് എതിരായ അതിക്രമം ഏത് നാട്ടിലാണ് ഏറ്റവുമധികം എന്ന് കണക്കുവെച്ച് ചര്‍ച്ച ചെയ്യാന്‍ ഒരുക്കമുണ്ടോ?
10. ഇപ്പോള്‍ നിങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് ചരിത്രത്തില്‍ നിങ്ങള്‍തന്നെ സ്വീകരിച്ച മാതൃകാപരമായ ഉദാഹരണങ്ങളുണ്ടോ?
സൂക്ഷ്മ തലത്തിലേക്ക് പോയാല്‍ ഇനിയും കുറെ ചോദ്യങ്ങള്‍ ബാക്കിയുണ്ട്. അതുവിടാം. പകരം രണ്ട് ചോദ്യത്തിന് കൂടി ഉത്തരം പറയണം.

അത് ജിഎസ്ടിയുടെയും മെഡിക്കല്‍ കോഴയുടെയും കാര്യമാണ്. അത് പറഞ്ഞിട്ടേ പോകാവൂ. ഞങ്ങള്‍ കാത്തിരിക്കും
#JaitelyShouldAnswer