അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജോധ്പൂര്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആസാറാം ബാപ്പുവിന്റെ ആസ്തി ഏകദേശം 10,000 കോടി. 1970ല്‍ സബര്‍മതിയുടെ തീരത്ത് ഒരു ആശ്രമം സ്ഥാപിച്ച് തുടങ്ങിയ ആസാറാമിന് ഇന്ന് രാജ്യത്തിന് അകത്തും പുറത്തുമായി നാനൂറിലധികം ആശ്രമങ്ങളുണ്ട്. 2013ല്‍ പീഡനക്കേസില്‍ ആസാറാം ബാപ്പു അറസ്റ്റിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആശ്രമങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് സ്വത്ത് വിവരങ്ങള്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ മാര്‍ക്കറ്റ് വില കൂട്ടാതെയാണ് ഇത്രയും സ്വത്ത് കണക്കാക്കിയത്.

പീഡനക്കേസില്‍ ജയിലിലായിട്ടും അദ്ദേഹത്തിന് ഇപ്പോഴും നിരവധി അനുയായികളുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 1941 ല്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ആസാറാം ബാപ്പു ജനിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ആസാറാമിന്റെ കുടുംബം അഹമ്മദാബാദില്‍ താമസമാക്കി. നാലാംക്ലാസ് വരെയാണ് ഔദ്യോഗിക വിദ്യാഭ്യാസം. യുവാവായിരിക്കെ ദൈവ വിളിയുണ്ടായതിനെ തുടര്‍ന്ന് ഹിമാലയത്തിലേക്ക് പോവുകയും അവിടെ വെച്ച് ലിയാ ഷാ ബാപ്പുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തുവെന്ന് ഡോക്യുമെന്ററി പറയുന്നു. ഗുരുവാണ് 1964ല്‍ അദ്ദേഹത്തിന് ആസാറാം എന്ന് പേര് നല്‍കിയത്.

1970ല്‍ അഹമ്മദാബാദില്‍ തിരിച്ചെത്തിയ ആസാറാം 1972ല്‍ സബര്‍മതി തീരത്ത് ‘മോക്ഷ കുതിര്‍’ എന്ന പേരില്‍ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. തുടര്‍ന്ന് ലോകവ്യാപകമായി 400 ആശ്രമങ്ങളാണ് കഴിഞ്ഞ 40 വര്‍ഷത്തിനിടെ സ്ഥാപിച്ചത്. പീഡനക്കേസില്‍ ബാപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ട്‌പോലും അദ്ദേഹത്തിന്റെ ആശ്രമങ്ങള്‍ അനുയായികളാല്‍ നിറഞ്ഞിരിക്കുകയാണ്. തങ്ങളുടെ ഗുരുവിനെ ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ജയിലിലടച്ചിരിക്കുന്നതെന്നാണ് അനുയായികള്‍ പറയുന്നത്.

2008ല്‍ ആസാറാമിന്റെ രണ്ട് ബന്ധുക്കള്‍ ആശ്രമത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെയാണ് ബാപ്പു സംശയത്തിന്റെ നിഴലിലായത്. 2009ല്‍ ബാപ്പുവിന്റെ ഏഴ് അനുയായികളെ ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2013ല്‍ യു.പി സഹാറന്‍പൂര്‍ സ്വദേശിനിയായ 16 വയസുകാരിയെ പീഡിപ്പിച്ച കേസ് പുറത്തുവന്നതോടെയാണ് ബാപ്പുവിന്റെ പതനം ആരംഭിച്ചത്. സൂററ്റിലെ രണ്ട് സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിലും ആസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്. ആശ്രമങ്ങള്‍ നിര്‍മിക്കാന്‍ ഭൂമി കയ്യേറിയ സംഭവത്തിലും ആസാറാമിനെതിരെ സൂററ്റിലും അഹമ്മദാബാദിലും കേസുണ്ട്.