ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള നിരോധിത ഭീകരസംഘടനയുടെ ശ്രമം ബംഗ്ലാദേശ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ത്തതായി വെളിപ്പെടുത്തല്‍.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ വധിച്ചതു പോലെ ഹസീനയുടെ അംഗരക്ഷകരെ സ്വാധീനിച്ച് ഷെയ്ഖ് ഹസീനയെ വധിക്കാനായിരുന്നു പദ്ധതി.

എന്നാല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സാധിച്ചതാണ് വധശ്രമം തകര്‍ക്കാനായത്.

pm-marine-driveway-coxs-bazar-pid-wb2

പതിവു സായാഹ്ന നടത്തത്തിനായി ഹസീന ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആക്രമിച്ചു വധിക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ തുടര്‍സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ അവിടേക്കു തിരിക്കാനായിരുന്നു ഇത്. ഇതേസമയത്ത് അംഗരക്ഷകര്‍ ഹസീനയെ വധിക്കുന്ന തരത്തിലായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്.

എന്നാല്‍ ആക്രമണപദ്ധതിയെക്കുറിച്ച് വിവരം ലഭിച്ച ഹസീനയുടെ വിശ്വസ്ഥര്‍ ബംഗ്ലാദേശ് ഭീകരവിരുദ്ധ സംഘത്തെ സമീപിക്കുകയായിരുന്നു.

ഭീകരരും അംഗരക്ഷകരും തമ്മിലുള്ള സംഭാഷണം ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെ ബംഗ്ലാദേശ് ഇന്റലിജന്‍സ് വിഭാഗം ചോര്‍ത്തി. തുടര്‍ന്ന് ഹസീനക്കു സുരക്ഷ ശക്തമാക്കുകയും സംഭവത്തില്‍ ഉള്‍പ്പെട്ട അംഗരക്ഷകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ ഭീകരപദ്ധതി പരാജയപ്പെടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത അംഗരക്ഷകരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം. പാക് ചാരസംഘടനയായ ഐ.എസ്.ഐക്കും ഇതില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശിലെ പ്രതിപക്ഷ നേതാവ് ഐ.എസ്.ഐ ഉദ്യോഗസ്ഥരുമായി ലണ്ടനില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതാണ് ഇതിനു തെളിവേകുന്നത്.