റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ചൈന. പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നുഘട്ടങ്ങളടങ്ങിയ പരിഹാര നിര്‍ദ്ദേശങ്ങളാണ് ചൈന്ന മുന്നോട്ടുവെച്ചത്. റോഹിങ്ക്യന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഏഷ്യന്‍-യൂറോപ്യന്‍ രാഷ്ട്രങ്ങളിലുള്ള പ്രതിനിധികള്‍ സമ്മേളിച്ച വേദിയിലാണ് ചൈന നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നത്. കഴിഞ്ഞ ആഗസ്റ്റുവരെയുള്ള കണക്കുപ്രകാരം ആറുലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ബംഗ്ലാദേശിലെത്തിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ റാഖൈനിലെ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാനന്തരീക്ഷം കൊണ്ടുവരികയാണ് ആദ്യം വേണ്ടതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. എന്നാല്‍ നിലവില്‍ ഈ ഘട്ടത്തിലേക്കെത്തിയ സാഹചര്യത്തില്‍് അഭയാര്‍ത്ഥിക്ക് തിരിച്ചുവരാന്‍ മ്യാന്‍മറും ബംഗ്ലാദേശും ഉഭയകക്ഷി സംഭാഷണങ്ങളിലൂടെ അവസരമൊരുക്കണം. സുരക്ഷിത തിരിച്ചുവരവ് ഉറപ്പാക്കിയ ശേഷം മൂന്നാംഘട്ടത്തില്‍ ശാശ്വത സമാധാനത്തിനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ചൈന നിര്‍ദ്ദേശിക്കുന്നു. അഭയാര്‍ത്ഥികളുടെ തിരിച്ചുവരവ് ചര്‍ച്ചചെയ്യാന്‍ മ്യാന്‍മാര്‍-ബംഗ്ലാദേശ് ഉഭയകക്ഷി ചര്‍ച്ച കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ധാരണപത്രം ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ മേധാവി ഫെഡറിക മൊഗ്‌രിനി പറഞ്ഞു.