അരീക്കോട്: മലപ്പുറത്തെ ദുരഭിമാനക്കൊലയില്‍ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ആതിരയുടെ പ്രതിശ്രുത വരന്‍ ബ്രിജേഷ്. തങ്ങളുടെ പ്രണയബന്ധത്തില്‍ ആതിരയുടെ അച്ഛന്‍ രാജനു ആദ്യമുതല്‍ എതിര്‍പ്പുണ്ടായിരുന്നുവെന്ന് ബ്രിജേഷ് പറഞ്ഞു.

എന്നാല്‍ പൊലീസ് ഇടപ്പെട്ടതിനാല്‍ അച്ഛന്‍ സമ്മതം മൂൡയിരുന്നു. എന്നാല്‍ വിവാഹം ഉറപ്പിച്ചതിനു ശേഷം വീട്ടില്‍ വീണ്ടും പ്രശ്‌നമുണ്ടായി. വിവാഹത്തിന് സമ്മതിക്കില്ലെന്ന് വീണ്ടും അച്ഛന്‍ നിലപാടെടുത്തു.

താനുമായുള്ള ബന്ധത്തിന് സമ്മതിക്കില്ലെന്ന് അച്ഛന്‍ ഉറച്ചു നിന്നതോടെ ആതിര കുറച്ചു കാലം സുഹൃത്തിന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ പോയി സംസാരിച്ചു. വിവാഹം നടത്താനുള്ള തിയതി പോലും തീരുമാനിച്ചത് പൊലീസായിരുന്നു, ബ്രിജേഷ് പറഞ്ഞു.

അതേസമയം ആതിരയുടെ മൃതദേഹം ഇന്നു സംസ്‌കരിക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പുരോഗമിക്കുകയാണ്. ഇടതു നെഞ്ചില്‍ ആഴത്തിലേറ്റ കുത്താണ് മരണത്തിനു കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആതിരയും ബ്രിജേഷും തമ്മിലുള്ള വിവാഹം ഇന്നു നടത്താനാണ് നിശ്ചയിച്ചിരുന്നത്. മദ്യലഹരിയില്‍ ഇന്നലെ വീട്ടിലെത്തിയ രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് ആതിരയെ കുത്തുകയായിരുന്നു. കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി.

നാട്ടുകാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മകള്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു യുവാവിനെ വിവാഹം കഴിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.