തിരുവനന്തപുരം: എസ്.ബി.ഐയുടെയും അനുബന്ധ ബാങ്കുകളുടെയും ആറുലക്ഷത്തിലേറെ എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു. മുന്‍കൂട്ടി അറിയിക്കാതെ കാര്‍ഡ് ബ്ലോക്ക് ചെയ്തതോടെ ഇടപാടുകാര്‍ വെട്ടിലായി. കാര്‍ഡ് ബ്ലോക്കായവര്‍ എത്രയുംവേഗം സമീപത്തുള്ള ബാങ്കിലെത്തി പുതിയ കാര്‍ഡിന് അപേക്ഷ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് എസ്.ബി.ഐയുടെയും എസ്.ബി.ടി അടക്കമുള്ള അനുബന്ധ ബാങ്കുകളുടെയും എ.ടി.എം കാര്‍ഡുകള്‍ കൂട്ടത്തോടെ ബ്ലോക്ക് ചെയ്തത്. എ.ടി.എം വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.കാര്‍ഡ് ബ്ലോക്ക് ചെയ്യുന്ന വിവരം ഉപഭോക്താക്കളെ എസ്.എം.എസ് വഴി അറിയിച്ചിരുന്നെന്നാണ് ബാങ്കുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ എ.ടി.എം കൗണ്ടറില്‍ എത്തി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇടപാടുകാരില്‍ പലരും വിവരം അറിയുന്നത്. എസ്.എം.എസുകള്‍ ലഭിച്ചിരുന്നില്ലെന്നും ഉപയോക്താക്കള്‍ വ്യക്തമാക്കുന്നു. കേരളത്തിന് പുറത്തും വിദേശത്തും ഉപയോഗിച്ച എ.ടി.എം കാര്‍ഡുകളാണ് ബ്ലോക്കായത്.

കേരളത്തില്‍ തട്ടിപ്പിന് ശ്രമം നടന്നെന്ന് സംശയിക്കുന്ന എ.ടി.എം കൗണ്ടറുകളില്‍ ഉപയോഗിച്ച കാര്‍ഡുകളും ബ്ലോക്കാക്കിയിട്ടുണ്ട്. ചില ഇടപാടുകാരുടെ പണം അമേരിക്കയില്‍നിന്നും ചൈനയില്‍നിന്നും പിന്‍വലിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്. ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളാണ് പുതുതായി ഇടപാടുകാര്‍ക്ക് നല്‍കുന്നത്. എല്ലാവരും എ.ടി.എം കാര്‍ഡിന്റെ പിന്‍നമ്പര്‍ മാറ്റണമെന്നും ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ ബ്ലോക്ക് ചെയ്ത എ.ടി.എം കാര്‍ഡുടമകള്‍ക്ക് പുതിയ കാര്‍ഡ് ലഭിക്കാന്‍ കുറഞ്ഞത് 12 ദിവസമെങ്കിലും വേണ്ടിവരും. അതുവരെ ഡെബിറ്റ് കാര്‍ഡുപയോഗിച്ചുള്ള വിനിമയങ്ങള്‍ നടത്താനാകില്ല.

പുതിയ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം അക്കൗണ്ട് എടുത്ത ശാഖകളില്‍ ലഭിച്ച്, പുതിയ കാര്‍ഡ് മുംബൈയില്‍നിന്ന് എത്തിക്കുന്നതിനുള്ള സമയമാണ് പന്ത്രണ്ട് ദിവസം. ഘട്ടംഘട്ടമായി ചിപ്പ് സംവിധാനത്തിലേക്ക് മാറുന്നതോടെ പഴയ മാഗ്‌നറ്റിക് കാര്‍ഡുകള്‍ ഇല്ലാതാകും. മാഗ്‌നറ്റിക് കാര്‍ഡുകള്‍ പലയിടത്തും റീഡ് ചെയ്ത് അക്കൗണ്ടിലെ വിവരങ്ങള്‍ ശേഖരിക്കാനും പണം പിന്‍വലിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ അക്കൗണ്ടുടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് വ്യാപകമായ തട്ടിപ്പു നടത്താന്‍ സാധ്യതയുണ്ടെന്നും ചിലയിടത്ത് തട്ടിപ്പ് നടന്നതായും സ്റ്റേറ്റ് ബാങ്ക് സുരക്ഷാ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ചിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തട്ടിപ്പു നടത്താനാകില്ലെന്നും അധികൃതര്‍ പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് രാജ്യത്ത് 54,000 എ.ടി.എമ്മുകളാണുള്ളത്.