മൈസൂരു മാനന്തവാടി അന്തര്‍ സംസ്ഥാന പാതയില്‍ വഴിയറിയാന്‍ സ്ഥാപിച്ച ദിശാ ബോഡുകള്‍ തകര്‍ന്ന് മാസങ്ങളായിട്ടും പുനസ്ഥാപിക്കാന്‍ നടപടിയെടുക്കാതെ കേരള വനംവകുപ്പ്. സംസ്ഥാന പാതയില്‍ വനത്തിനുള്ളില്‍ സ്ഥാപിച്ച വഴിയടയാളപ്പെടുത്തുന്ന ബോര്‍ഡുകളും, മുന്നറിയിപ്പുകള്‍ നല്‍കുന്ന ബോര്‍ഡുകളും പൊളിഞ്ഞുവീഴുകയും, ചില ബോര്‍ഡുകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ട് മാസങ്ങളായി. കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം മുതല്‍ തോല്‍പ്പെട്ടി വരെയും കാട്ടിക്കുളം മുതല്‍ ബാവലി വരെയുമുള്ള ഒട്ടുമിക്ക സൂചന ബോര്‍ഡുകളും നശിപ്പിക്കപ്പെട്ട നിലയിലാണ്. അന്തര്‍ സംസ്ഥാന പാതയില്‍ വഴിയറിയാന്‍ യാത്രക്കാര്‍ക്ക് ഇനി വാഹനം നിര്‍ത്തി വീണ് കിടക്കുന്ന സൈന്‍ബോഡുകള്‍ നോക്കി മനസ്സിലാക്കുക മാത്രമേ മാര്‍ഗമുള്ളൂ.
സ്ഥലനാമങ്ങളും ദിശാ ബോഡുകളും ആനത്താരയും, മറ്റ് വന്യമൃഗങ്ങളുടെ സഞ്ചാര പാതയും സൂചിപ്പിക്കുന്ന ബോര്‍ഡുകളും, വനമേഖലയിലെ റോഡില്‍ കൂടി പോകുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരും പാലിക്കേണ്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന സുചനാ ഫലകങ്ങളും, വന്യമൃഗങ്ങളുടെ സഞ്ചാര പാത, വാഹനങ്ങള്‍ പതുക്കെ പോവുക തുടങ്ങിയ സൂചന ബോര്‍ഡുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്താലും, കാലപ്പഴക്കത്താലും പൂര്‍ണ്ണമായും നശിച്ചുപോയത്. സൂചനാ ബോഡുകളില്ലാതായതോടെ വിനോദസഞ്ചാരികളും, വാഹനയാത്രക്കാരും ഒന്നില്‍ കൂടുതല്‍ റോഡുകളുള്ള സ്ഥലങ്ങളില്‍ ദിശയറിയാതെ വനത്തില്‍ കുടുങ്ങുന്നത് പതിവാകുകയാണ്. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് കീഴിലും, ബേഗൂര്‍ റെയിഞ്ചിന് കീഴിലും വനമേഖലയിലൂടെയുള്ള കാട്ടിക്കുളം, ബാവലി റൂട്ടിലേയും, കാട്ടിക്കുളം തോല്‍പ്പെട്ടി, തിരുനെല്ലി റൂട്ടിലേയും തകര്‍ന്ന സൂചന ബോര്‍ഡുകള്‍ പുനസ്ഥാപിക്കുന്നതില്‍ വനം വകുപ്പ് അധികൃര്‍ അനാസ്ഥ കാണിക്കുന്നതായി ആരോപണം ശക്തമായിക്കഴിഞ്ഞു. വനത്തിലൂടെയുള്ള കിലോമീറ്ററുകള്‍ നീണ്ട, വന്യജീവികളുടെ സാന്നിധ്യം പതിവായ, രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയില്‍ സൂചനാ ബോര്‍ഡുകള്‍ പുനസ്ഥാപിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.