തിരുവനന്തപുരം: രാത്രി ഓട്ടോറിക്ഷയില്‍ കയറിയ വനിത എംഎല്‍എക്കു നേരെ അസഭ്യവര്‍ഷം നടത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം എംഎല്‍എ സി.കെ ആശയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പേട്ട സ്വദേശി വിനോദിനെയാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് രണ്ട് വനിതാ പ്രതിനിധികള്‍ക്കൊപ്പം മടങ്ങവെയാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്.

അമിതകൂലി നല്‍കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് യാത്ര ആരംഭിച്ചതെന്നും ഓട്ടോയില്‍ കയറിയപ്പോള്‍ മുതല്‍ അസഭ്യം പറഞ്ഞ ഇയാള്‍ വിജനമായ സ്ഥലത്തു ഇറക്കിവിടുകയായിരുന്നുവെന്ന് ആശ പരാതിയില്‍ പറയുന്നു. ഒപ്പമുണ്ടായിരുന്നവര്‍ എംഎല്‍എയെ പരിചയപ്പെടുത്തിയെങ്കിലും ഓട്ടോറിക്ഷ ഡ്രൈവര്‍ ഹീനമായ സംസാരം തുടരുകയായിരുന്നുവെന്നാണ് ആശ പറയുന്നത്. ടാക്‌സിയേക്കാള്‍ രാത്രികാലത്ത് സ്ത്രീകള്‍ വിശ്വാസിക്കുന്നത് ഓട്ടോറിക്ഷക്കാരെയാണെന്നിരിക്കെ അവരില്‍ നിന്ന് ദുരനുഭവം ഉണ്ടായതില്‍ വിഷമമുണ്ടെന്ന് എംഎല്‍എ പറഞ്ഞു.