ഭോപ്പാല്‍: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നവര്‍ക്കെതിരെ മധ്യപ്രദേശ് കൃഷിമന്ത്രിയും ബിജെപി നേതാവുമായ കമല്‍ പട്ടേല്‍. ഇവര്‍ രാജ്യത്തെ അപമാനിക്കുകയാണ് എന്ന് പട്ടേല്‍ ആരോപിച്ചു.

‘ദേശീയ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നവര്‍ ഭാരത മാതാവിനെ അപമാനിക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയുമാണ്. അവര്‍ ദേശസ്‌നേഹികളല്ല’- കമല്‍ പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ തന്നോട് ചോദ്യങ്ങള്‍ ചോദിക്കൂ. അവര്‍ക്കുള്ള തൃപ്തമായ ഉത്തരം താന്‍ നല്‍കാം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. അത് എങ്ങനെ സാധിക്കും? ഒരു ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ആ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളടങ്ങിയ പാര്‍ലമെന്റാണ് ഈ നിയമം പാസാക്കിയത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് അവരുടെ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്. പത്മവിഭൂഷണ്‍ ജേതാവ് പ്രകാശ് സിങ് ബാദല്‍, പത്മശ്രീ ജേതാക്കളായ കര്‍താര്‍ സിങ് തുടങ്ങിയവര്‍ അതിലുണ്ട്. തനിക്ക് ലഭിച്ച അര്‍ജുന പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് വിഖ്യാത ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ് പ്രഖ്യാപിച്ചിട്ടുണ്ട്.