Connect with us

kerala

‘ആഗോള അയ്യപ്പ സംഗമം തടയണം, രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി’; സുപ്രിം കോടതിയിൽ ഹർജി

Published

on

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഇതിനിടെ ആഗോള അയ്യപ്പ സംഗമം മാതൃകയിലല്ല, ന്യൂനപക്ഷ സംഗമമാണെന്ന വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. 2031ലെ വികസന മാതൃക തയാറാക്കാനായി നടത്തുന്ന വകുപ്പുതല സെമിനാറുകളുടെ ഭാഗം മാത്രമാണ് ന്യൂനപക്ഷ സെമിനാർ എന്നാണ് വിശദീകരണം. എന്നാൽ സെമിനാറിന് ശേഷം സംഗമത്തിലേക്ക് കടക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ന്യൂനപക്ഷ വകുപ്പ് വ്യക്തമാക്കുന്നു.

ഹിന്ദു വിഭാഗങ്ങളെ പങ്കെടുപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ന്യൂനപക്ഷ വിഭാഗങ്ങളെ കോർത്തിണക്കാൻ ന്യൂനപക്ഷ സംഗമം. സർക്കാരിന്റെ ഈ തീരുമാനം തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വർഗീയ നീക്കമാണെന്ന് ആക്ഷേപം ഉയർന്നു. ഇതോടെയാണ് അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും രണ്ടാണെന്ന വിശദീകരണവുമായി സർക്കാർ എത്തിയത്.

വിവിധ വകുപ്പുകളുടെ വികസന മാതൃക പൊതുജന പങ്കാളിത്തത്തോടെ നിശ്ചയിക്കുകയാണ് ലക്ഷ്യം. അതില്‍ ഒന്ന് മാത്രമാണ് എറണാകുളത്ത് നടത്താന്‍ ലക്ഷ്യമിടുന്ന ന്യൂനപക്ഷ സെമിനാറെന്നാണ് വിശദീകരണം. ഇതിന് തയാറാക്കിയ ഉത്തരവും സര്‍ക്കാര്‍ പുറത്തുവിട്ടു. എന്നാല്‍ സെമിനാറില്‍ ഉയരുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിപുലമായ സെമിനാര്‍ നടത്തണമെന്ന് ഉത്തരവിലുണ്ട്. ടൂറിസം, വ്യവസായം, ന്യൂനപക്ഷം, പ്രവാസികാര്യം പോലെ സര്‍ക്കാരിന് താല്‍പര്യമുള്ള മേഖലകളില്‍ പ്രത്യേക യോഗത്തിന് അത് അവസരമൊരുക്കും. അതുവഴി ന്യൂനപക്ഷ സംഗമത്തിന് കളമൊരുങ്ങുമെന്നാണ് വിലയിരുത്തുന്നത്.

kerala

ഒരു എക്കോയും ആന്‍ജിയോഗ്രാമും ചെയ്യാന്‍ അഞ്ചു ദിവസം വേണോ; മരിച്ച വേണുവിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്

പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.

Published

on

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മണിക്കൂറുകള്‍ക്കകം മരണപ്പെട്ട കൊല്ലം പന്മന മനയില്‍ വേണുവിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്. ബന്ധുക്കള്‍ക്ക് അയച്ച സന്ദേശമാണ് പുറത്തുവന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടരുതെന്ന് വേണു പറയുന്നു. ‘ഇവനെയൊക്കെ കോടതിയുടെ മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം. പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.

ആന്‍ജിയോഗ്രാം ചെയ്യാനാണ് കൊല്ലത്തേക്ക് പോയത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തു. തിരുവനന്തപുരത്ത് വന്നിട്ട് അഞ്ചുദിവസമായി. ഒരു എക്കോയും ആന്‍ജിയോഗ്രാമും ചെയ്യാന്‍ അഞ്ചു ദിവസം വേണോ. എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇവരെക്കൊണ്ടാകുമോ ? എന്തൊരു മര്യാദ ഇല്ലാത്ത ഇടപെടല്‍ ആണ് ഇവര്‍ നടത്തുന്നത് സാധാരണക്കാരന് ആശ്രയമാകേണ്ട ആശുപത്രിയല്ലേ ഇത് കയറിവരുന്ന പാവപ്പെട്ട ജനങ്ങളോട് ഈ മാതിരിയുള്ള വകതിരിവില്ലായ്മ കാണിക്കുമ്പോള്‍ എങ്ങനെയാ വിഷമം ഉണ്ടാകാതിരിക്കുക

കെല്ലം ജില്ല ആശുപത്രിയിലെ ഡോക്ടറുടെ സ്‌പെഷല്‍ റിക്വസ്റ്റ് പ്രകാരം വന്നതാണ് ഞാന്‍. എത്രയും പെട്ടെന്ന് ആന്‍ജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റാനാണ് വന്നത്. അഞ്ചു ദിവസമായിട്ടും ഇവനൊക്കെ കുഞ്ഞു കളിക്കുകയാ. 10 മിനിറ്റ് പോലും പാഴാക്കാനില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വകാര്യ ആംബുലന്‍സ് വിളിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തുന്നത്. എന്നാല്‍, അന്ന് തന്നെ രാത്രി 1.45 ഓടെയാണ് എനിക്ക് മെഡിസിന്‍ സ്റ്റാര്‍ട്ട് ചെയ്തത്. ബുധനാഴ്ച വൈകീട്ട് എക്കോയും വ്യാഴാഴ്ച വെളുപ്പിന് 12.30ഓടെ ആന്‍ജിയോഗ്രാമും ചെയ്യും എന്ന ഉറപ്പില്‍ എല്ലാ ബ്ലഡ് ടെസ്റ്റുകളും ഇ.സി.ജിയും നടത്തി. എന്നാല്‍, ആന്‍ജിയോഗ്രാം ചെയ്യുന്നവരുടെ ലിസ്റ്റ് ഹാളില്‍ വന്ന് വായിച്ചപ്പോള്‍ എന്റെ പേര് മാത്രം അതിനകത്തില്ല. എന്റെ ആന്‍ജിയോഗ്രാം മാറ്റിവെച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. ഇനി എന്തെങ്കിലും ‘സംതിങ് പ്രശ്‌നമാണോ എന്ന് അറിയത്തില്ല. എന്തുതന്നെയായാലും ഞാന്‍ അത് കൊടുക്കാന്‍ തയാറായിരുന്നു. പക്ഷേ അതൊന്നും ആവശ്യപ്പെട്ടുകൊണ്ട് ആരും ഞങ്ങളെ സമീപിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ആശുപത്രി അധികൃതരും ഡോക്ടര്‍മാരും ആണെന്നും പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

Continue Reading

kerala

‘ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നു’; മഹാറാലി പ്രഖ്യാപിച്ച് സമരസമിതി

രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി.

Published

on

ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി താമരശ്ശേരിയില്‍ ഫ്രഷ് കട്ട് വിരുദ്ധ മഹാറാലി പ്രഖ്യാപിച്ച് സമരസമിതി. രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി. പ്ലാന്റ് തുറന്നാല്‍ സുരക്ഷ കൊടുക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു. നവംബര്‍ 12 ബുധനാഴ്ച്ചയാണ് സമിതി ഫ്രഷ് കട്ട് വിരുദ്ധ റാലി പ്രഖ്യാപിച്ചിരിക്കുന്നത്.

 

Continue Reading

kerala

വിവാദമായതോടെ പിന്‍വലിച്ച വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വീഡിയോ റീപോസ്റ്റ് ചെയ്ത് റെയില്‍വേ

വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു

Published

on

എറണാകുളം -ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘടനത്തില്‍ വിവാദമായ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റീപോസ്റ്റ് ചെയ്ത് റെയില്‍വേ. വീഡിയോ വിവാദമായതോടെ ദക്ഷിണ റെയില്‍വേ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിരുന്നു. ഇതാണ് ഇംഗ്ലീഷ് തര്‍ജമയോടു കൂടി വീണ്ടും പോസ്റ്റ് ചെയ്തത്.

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം വിദ്യാര്‍ഥികളെക്കൊണ്ട് പാടിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു.

വിവാദമായതോടെ ഗണഗീതം പങ്കുവച്ച എഫ്ബി പോസ്റ്റ് ദക്ഷിണ റെയില്‍വേ ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് രാത്രിയോടെ എക്‌സില്‍ റീപോസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ബംഗളൂരു വന്ദേഭാരതിന്റെ ആദ്യയാത്രയിലാണ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്.

ഈ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആര്‍എസ്എസിനെയാണ് ഇന്ന് കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.

Continue Reading

Trending