ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രാമ പ്രതിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച യോഗി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരം വേണം രാമപ്രതിമയ്‌ക്കെന്ന് അസംഖാന്‍ പറഞ്ഞു.

‘സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് ഇതിനെക്കുറിച്ച് ചിന്തിച്ചില്ല.? എന്തുകൊണ്ടാണ് രാമപ്രതിമയെ ആരും എതിര്‍ക്കാതിരുന്നത്? രാംപൂരില്‍ രാമന്റെ വലിയ പ്രതിമ നിര്‍മ്മിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്.’
അയോധ്യയിലെ സന്യാസിമാരുടെ സമ്മര്‍ദ്ദഫലമായാണ് രാമന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യയില്‍ സരയൂ നദീതീരത്താണ് 151 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രതിമാ നിര്‍മാണം സംബന്ധിച്ച വിശദ രൂപരേഖ ഗവര്‍ണര്‍ രാം നായിക്കിന് സമര്‍പ്പിച്ചു. ദീപാവലി ആഘോഷവേളയില്‍ പ്രഖ്യാപനമുണ്ടാകും. പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പുതിയ രാമ പ്രതിമാ നിര്‍മാണവുമായി ബി.ജെ.പി രംഗത്തുവന്നത്. പട്ടേലിന്റെ പ്രതിമ സന്ദര്‍ശിച്ചശേഷമാണ് യോഗി ആദിത്യനാഥ് രാമ പ്രതിമ സ്ഥാപിക്കുന്ന കാര്യം അറിയിച്ചത്. അയോധ്യ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ഋഷികേശ് ഉപാധ്യയയും പ്രതിമനിര്‍മാണം സ്ഥിരീകരിച്ചു. ബി.ജെ.പി നേതൃത്വത്തിന്റെയും കോര്‍പറേഷന്റെയും ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതായി മേയര്‍ പറഞ്ഞു